News Desk

2021-04-05 08:23:02 pm IST


ധാക്ക: ബംഗ്ലാദേശില്‍ ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് യാത്രാ ബോട്ട് മുങ്ങി 27 പേര്‍ മരിച്ചു. ബംഗ്ലാദേശിലെ ഷീതലാഖ്യ നദിയിലാണ് അപകടമുണ്ടായത്. നാരായണഗഞ്ച് ജില്ലയില്‍ ഞായറാഴ്ചയാണ് അപകടം നടന്നത്. ധാക്കയുടെ തെക്ക് കിഴക്കന്‍ മേഖലയാണിത്. 

ഞായറാഴ്ച വൈകി നടന്ന തിരിച്ചിലില്‍ യാത്രാ ബോട്ടില്‍ സഞ്ചരിച്ച അഞ്ച് പേരുടെ മൃതദേഹം മാത്രമാണ് കണ്ടെത്താനായത്. നാവിക സേനയുടേയും കോസ്റ്റ് ഗാര്‍ഡിന്റേയും അഗ്‌നിശമന സേനാംഗങ്ങളുടേയും സംയുക്തമായ തെരച്ചിലിലാണ് തിങ്കളാഴ്ച 21 മൃതദേഹങ്ങള്‍ കൂടി കണ്ടെത്താനായത്.

എം.എല്‍ സബിത് അല്‍ ഹസന്‍ എന്ന യാത്രാ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ചരക്കുകപ്പലായ എല്‍.കെ.എല്‍ 3-യുമായി കൂട്ടിയിടിച്ചതോടെ യാത്രാ ബോട്ട് മുങ്ങിപ്പോവുകയായിരുന്നു. 

മുന്‍ഷി ഗഞ്ചിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്നു അപകടത്തില്‍പ്പെട്ട ബോട്ട്. അപകടമുണ്ടായത് ശ്രദ്ധയില്‍പ്പെട്ടതോടെ ചരക്കുകപ്പല്‍ നിര്‍ത്താതെ പോയെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ എ.ഡി.എമ്മിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതി അന്വേഷണമാരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് വിശദമാക്കി. 

150-ഓളം യാത്രക്കാര്‍ ബോട്ടിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതില്‍ അമ്പതോളം ആളുകള്‍ കരകളിലേക്ക് നീന്തി രക്ഷപ്പെട്ടതായി പോര്‍ട്ട് പൊലീസ് ഓഫീസര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ജില്ലാ ഭരണകൂടം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗ്ലാദേശ് ഇന്‍ലാന്‍ഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും അപകടത്തില്‍ നാലംഗ സമിതിയുടെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top