News Desk

2021-04-17 03:15:28 pm IST

റോം: ഇറ്റാലിയന്‍ ദ്വീപായ ലാംപെഡുസ ലക്ഷ്യമിട്ട് ടുണീഷ്യയിലെ എസ്ഫാക്‌സില്‍നിന്ന് അഭയാര്‍ഥികളുമായി പോയ ബോട്ട് മുങ്ങി 41 പേര്‍ മരിച്ചു. ടുണീഷ്യന്‍ തീരത്തിനു സമീപം സിദി മന്‍സൂറിനോടു ചേര്‍ന്നാണ് ബോട്ട് കാറ്റില്‍ തകര്‍ന്നത്. 

ഒരു കുട്ടിയുള്‍പ്പെടെ 41 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ടുണീഷ്യന്‍ തീരദേശ സേന അറിയിച്ചു. അവശേഷിച്ചവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആഫ്രിക്കയില്‍ നിന്നും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും യൂറോപ്പ് ലക്ഷ്യമിട്ട് നീങ്ങുന്ന ആയിരക്കണക്കിന് അഭയാര്‍ഥികള്‍ പ്രധാനമായി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലൊന്നാണ് എസ്ഫാക്‌സ്. 

കഴിഞ്ഞ മാസം ഇതേ തീരത്തുനിന്ന് പുറപ്പെട്ട ബോട്ട് മുങ്ങി 39 പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 60-ലേറെ പേരാണ് സമാന ദുരന്തത്തിനിരയായത്. പട്ടിണിമൂലം കഴിഞ്ഞ വര്‍ഷം ടുണീഷ്യയില്‍നിന്ന് കടല്‍ കടക്കുന്നവരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചതായി യു.എന്‍ അഭയാര്‍ഥി ഏജന്‍സി പറയുന്നു.

2014-നു ശേഷം മാത്രം ആഫ്രിക്കയില്‍നിന്ന് യൂറോപപിലേക്ക് കടക്കുന്നതിനിടെ 20,000 ലേറെ പേര്‍ കടലില്‍ മരിച്ചിട്ടുണ്ട്. ഈ വര്‍ഷം മാത്രം മെഡിറ്ററേനിയനില്‍ 406 പേര്‍ മരിച്ചതായി രാജ്യാന്തര കുടിയേറ്റ സംഘടന (ഐ.ഒ.എം) പറയുന്നു.

അതേ സമയം, ഈ വര്‍ഷം ഇതുവരെയായി ഇറ്റലിയിലെത്തിയ കുടിയേറ്റക്കാരുടെ എണ്ണം 8,500 ലേറെയാണ്. ഇവരില്‍ ഏറ്റവും കൂടുതല്‍ ടുണീഷ്യയില്‍ നിന്നാണ്. സമാനമായി, ലിബിയയില്‍ നിന്നാണ് യൂറോപ്പ് ലക്ഷ്യമിട്ട് കുടിയേറുന്നവര്‍ കൂടുതല്‍.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top