News Desk

2021-04-08 09:55:29 pm IST
ന്യൂഡല്‍ഹി: കൊവിഡ് സംബന്ധിച്ച് രാജ്യം വലിയ വെല്ലുവിളി നേരിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യം നേരിടുന്നത് ഏറ്റവും മോശം സാഹചര്യമാണ്. ചില സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചില സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നു. കൊവിഡ് നിയന്ത്രണത്തില്‍ ചില സംസ്ഥാനങ്ങള്‍ക്ക് വലിയ വീഴ്ച്ച പറ്റിയിട്ടുണ്ട്. പൊതുജനങ്ങളില്‍ രോഗത്തെ കുറിച്ചുള്ള ഗൗരവം നഷ്ടപ്പെട്ടു. 

കണ്ടെയ്ന്റ്‌മെന്റ് സോണുകളുടെ എണ്ണം കൂട്ടണം. പരിശോധനകള്‍ കൂട്ടണം. രോഗികളില്‍ ലക്ഷണങ്ങള്‍ കാണാത്തത് രണ്ടാം തരംഗത്തില്‍ വലിയ വെല്ലുവിളിയാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ നിയന്ത്രണ നടപടികള്‍ തുടങ്ങണം. വാക്‌സിനേഷന്‍ പോലെ തന്നെ പ്രധാനമാണ് പരിശോധനയും. ആര്‍.ടി.പി.സി.ആര്‍ പരിശോധന കൂട്ടുമ്പോള്‍ രോഗബാധിതരുടെ എണ്ണവും കൂടാം. പക്ഷേ പതറേണ്ടതില്ല. രണ്ടാം തരംഗത്തെയും വരുതിയിലാക്കാമെന്ന ആത്മവിശ്വാസം വേണം. 

കണ്ടെയ്ന്റ്‌മെന്റ് സോണുകളില്‍ ആദ്യം പരിശോധന കൂട്ടുക. സമ്പര്‍ക്ക പട്ടിക 72 മണിക്കൂറിനുള്ളില്‍ തയ്യാറാക്കുക. സമ്പര്‍ക്ക പട്ടികയിലുള്ളവരെയും പരിശോധിക്കുക. സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുക. 

മരണ നിരക്കെങ്കിലും കുറയ്ക്കാനാകണം. 70 ശതമാനം പേരിലെങ്കിലും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം. രാജ്യവ്യാപക ലോക്ക് ഡൗണ്‍ പരിഹാരമല്ല. ലോക്ക് ഡൗണ്‍ സാമ്പത്തിക മേഖലക്ക് ഇനി താങ്ങാനാവില്ല. നാല്‍പത്തിയഞ്ച് വയസിന് മുകളിലുള്ള എല്ലാവരും വാക്‌സിനെടുക്കുന്നുവെന്ന് ഉറപ്പാക്കണം. 

വരുന്ന ഞായര്‍ മുതല്‍ ബുധന്‍ വരെ വാക്‌സിന്‍ ഉത്സവമായി ആചരിക്കും. വാക്‌സിനെടുത്താലും മാസ്‌ക് ഉപയോഗിക്കണം. ജനപ്രതിനിധികള്‍ വെബിനാറുകള്‍ നടത്തി ജനങ്ങളെ ബോധല്‍ക്കരിക്കണം. കലാകാരന്മാര്‍ക്കും, കായിക താരങ്ങള്‍ക്കും ബോധവത്ക്കരണത്തില്‍ പങ്കാളികളാകാമെന്നും പ്രധാനമന്ത്രി പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top