News Desk

2021-03-04 01:56:12 pm IST

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 17-കാരിയായ മകളുടെ തലയറുത്ത് കയ്യില്‍ തൂക്കിപ്പിടിച്ച് റോഡിലൂടെ നടന്ന് പിതാവ്. ഹര്‍ദോയ് ജില്ലയിലെ പന്‍ഡേതര ഗ്രാമത്തിലാണ് സംഭവം. മകളുടെ പ്രണയബന്ധം ഇഷ്ടമില്ലാത്തതിനെ തുടര്‍ന്ന് സര്‍വേശ് കുമാറാണ് 17-കാരിയെ കൊലപ്പെടുത്തിയത്. 

പെണ്‍കുട്ടിയുടെ അറുത്തെടുത്ത തലയുമായി ഒരാള്‍ റോഡിലൂടെ നടക്കുന്നതു കണ്ട നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിക്കുന്നത്. വെട്ടിയെടുത്ത തലയുമായി പിതാവ് നടന്നുവരുന്ന ദൃശ്യങ്ങള്‍ രണ്ടു പൊലീസുകാര്‍ വിഡിയോയില്‍ പകര്‍ത്തി. ഇതിനിടെ പൊലീസുകാരുടെ ചോദ്യങ്ങള്‍ സര്‍വേശ് മറുപടി പറയുന്നതും വിഡിയോയില്‍ കാണാം.

മകളുടെ പ്രണയബന്ധം ഇഷ്ടമില്ലാത്തതു കൊണ്ടാണ് മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് അവളുടെ തലയറുത്തതെന്ന് സര്‍വേഷ് കുമാര്‍ പൊലീസിനോട് പറഞ്ഞു. 'ഞാനാണ് അത് ചെയ്തത്. മറ്റാരുമല്ല. മൃതദേഹം വീട്ടില്‍ മുറിയിലുണ്ട്', സര്‍വേഷ് കുമാര്‍ പറയുന്നു. 

ഇയാളെ അറസ്റ്റു ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ ശിരസ് മോശമായി കൈകാര്യം ചെയ്ത പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

2019-ല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ പോക്‌സോ പ്രകാരം ഏറ്റവും കൂടുതല്‍ കേസെടുത്തിരിക്കുന്നതും യു.പിയിലാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top