Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ടെഹ്‌റാന്‍/ ലണ്ടന്‍ : സമുദ്ര നിയമം ലംഘിച്ചതിന്റെ പേരില്‍ ബ്രിട്ടിഷ് എണ്ണക്കപ്പലായ സ്റ്റെന ഇംപറോ പിടിച്ചെടുക്കുന്നതിന് മുമ്പ് സ്റ്റെന ഇംപറോയ്ക്ക് അകമ്പടി നല്‍കുന്ന മണ്‍ട്രോസ് എന്ന ബ്രിട്ടിഷ് നാവിക കപ്പലിലെ സൈനികര്‍ക്ക് ഇറാന്‍ സൈന്യം മുന്നറിയിപ്പു നല്‍കുന്ന ശബ്ദ സന്ദേശം പുറത്ത്.

ശനിയാഴ്ച രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന പേരില്‍ സൗദിയിലേക്ക് പോകുന്നതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ വെച്ചാണ്‌ ഇറാനിയന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ ബ്രിട്ടിഷ് എണ്ണക്കപ്പല്‍ പിടിച്ചെടുത്തത്.എണ്ണക്കപ്പലിന്റെ ദിശ മാറ്റിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്നു മണ്‍ട്രോസ് കപ്പലിലെ സൈനികര്‍ക്ക് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കുന്നതാണ് ശബ്ദസന്ദേശത്തിലുള്ളത്. അനുസരിച്ചാല്‍ സുരക്ഷിതരായിരിക്കുമെന്നും ഇറാന്‍ സൈനികര്‍ പറയുന്നു.

രാജ്യാന്തര ജലപാതയിലൂടെ തടസ്സമില്ലാതെ പോകാന്‍ സാധിക്കണമെന്നും നിയമങ്ങള്‍ ലംഘിക്കുന്നില്ലെന്നു ഉറപ്പുവരുത്തണമെന്നും ബ്രിട്ടന്‍ സന്ദേശത്തിനു മറുപടി നല്‍കി. രാജ്യാന്തര പാതയിലൂടെ പോകുമ്പോള്‍, കപ്പല്‍ തടയാന്‍ നിയമം അനുവദിക്കുന്നില്ലെന്നും ബ്രിട്ടിഷ് നാവികര്‍ അറിയിച്ചു. എന്നാല്‍ സുരക്ഷാ പരിശോധനയ്ക്കായി കപ്പല്‍ പിടിച്ചെടുക്കുകയാണെന്ന് ഇറാന്‍ അറിയിച്ചു.

അതേസമയം, തങ്ങളുടെ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചു എന്നാരോപിച്ചാണ് ഇറാന്‍ സൈന്യമായ റവലൂഷണറി ഗാര്‍ഡ് സ്വീഡിഷ് കമ്പനിയായ സ്റ്റെനാ ബള്‍ക്കിന്റെ കപ്പല്‍ പിടിച്ചെടുത്തതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ മീന്‍പിടിത്ത ബോട്ടിനെ കപ്പല്‍ ഇടിച്ചതായി ഇറാന്‍ ആരോപിച്ചിരുന്നെങ്കിലും ഇതു സംബന്ധിച്ച് ശബ്ദ സന്ദേശത്തില്‍ ഒന്നും പറയുന്നില്ല.സ്റ്റെന ഇംപറോ ഇറാന്‍ പിടിച്ചെടുക്കുമ്പോള്‍ മണ്‍ട്രോസ് അകലെയായിരുന്നുവെന്നും അതുകൊണ്ടാണ് ഫലപ്രദമായി ഇടപെടാന്‍ സാധിക്കാതിരുന്നതെന്നും യുകെ അധികൃതര്‍ അറിയിച്ചു.

ബ്രിട്ടന്റെ എണ്ണക്കപ്പലിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്.അതില്‍ മൂന്ന മലയാളികളുമുണ്ട്.ഇന്ത്യക്കാര്‍ക്കു പുറമേ കപ്പലില്‍ റഷ്യ, ലാത്വിയ, ഫിലിപൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉണ്ട്. കപ്പലിലെ 23 ജീവനക്കാരും സുരക്ഷിതരാണെന്ന് നങ്കൂരമിട്ടിരിക്കുന്ന ബന്ദര്‍ അബ്ബാസിലെ തുറമുഖ അതോറിറ്റി മേധാവി അറിയിച്ചു. അവരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റും. എന്നാല്‍ കപ്പലില്‍ പരിശോധന നടത്തേണ്ടതുണ്ടെന്നും പറഞ്ഞു.

കപ്പലില്‍ സുരക്ഷാപരിശോധന നടത്തുമെന്നും ജീവനക്കാരുടെ സഹകരണമനുസരിച്ചായിരിക്കും അന്വേഷണത്തിലെ പുരോഗതിയെന്നും ഇറാന്‍ വ്യക്തമാക്കി. തല്‍ക്കാലം കപ്പല്‍ വിട്ടുകിട്ടാനുള്ള നടപടികള്‍ക്കാണു മുന്‍ഗണനയെന്നും ഉപരോധം ശക്തമാക്കണമോ എന്നു പിന്നീട് പരിശോധിക്കുമെന്നും ബ്രിട്ടന്‍ വ്യക്തമാക്കി.

ഒമാന്റെ സമുദ്രാതിര്‍ത്തിക്കുള്ളിലൂടെയാണ് തങ്ങള്‍ കടന്നുപോയതെന്നു ബ്രിട്ടന്‍ ഐക്യരാഷ്ട്രസംഘടനയെ അറിയിച്ചു. ഏതു സാഹചര്യവും നേരിടാന്‍ തയാറാണെന്നു ബ്രിട്ടനിലെ ഇറാന്‍ സ്ഥാനപതി ഹാമിദ് ബൈദിനിജാദ് മുന്നറിയിപ്പ് നല്‍കി. ജീവനക്കാരെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കുമെന്നു കപ്പല്‍ കമ്പനി സ്റ്റെന ബള്‍ക് പ്രതീക്ഷ പ്രകടിപ്പിച്ചു.

രണ്ടു മാസത്തിനുള്ളില്‍ രണ്ടാം തവണയാണ് ബ്രിട്ടന്റെ എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ ശ്രമിക്കുന്നത്. ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബ്രിട്ടന്‍ പ്രതികരിച്ചു. മേഖലയില്‍ സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണമെന്നും അവര്‍ വ്യക്തമാക്കി.

ഉപരോധം ലംഘിച്ചു സിറിയയിലേക്ക് എണ്ണ കൊണ്ടുപോയ ഇറാന്റെ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ മുമ്പ് പിടികൂടിയിരുന്നു. ഈ കപ്പല്‍ 30 ദിവസം കൂടി തടങ്കലില്‍ വയ്ക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തിരിക്കുന്നത്.

Top