News Desk

2021-05-04 09:18:21 pm IST
സിഡ്‌നി: കൊവിഡ് സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച ഓസ്ട്രേലിയന്‍ സര്‍ക്കാറിന്റെ വിവാദ തീരുമാനം പിന്‍വലിച്ചു. പ്രധാനമന്ത്രി സ്‌കോട്ട് മോറിസണെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം പിന്‍വലിച്ചത്.

കൊവിഡ് രൂക്ഷമായി ഉയരുന്നതിനിടെയാണ് ഇന്ത്യയില്‍ നിന്ന് യാത്രാവിലക്ക് ലംഘിച്ച് എത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിയെക്കാന്‍ ആസ്‌ട്രേലിയ തീരുമാനിച്ചത്. മേയ് 15 വരെ ഇന്ത്യയില്‍ നിന്നും യാത്രാവിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

വിലക്കു ലംഘിച്ച് മടങ്ങുന്ന സ്വന്തം പൗരന്മാര്‍ക്ക് അഞ്ചു വര്‍ഷം ജയില്‍ ശിക്ഷയും 38 ലക്ഷം രൂപ പിഴയുമാണ് ഏര്‍പ്പെടുത്തിയിരുന്നത്. സ്വന്തം പൗരന്മാര്‍ രാജ്യത്തേക്കു മടങ്ങുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്നത് ലോകത്തുതന്നെ ആദ്യമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സര്‍ക്കാറിന്റെ ഈ നടപടി കടുത്തു പോയെന്നും രാജ്യത്തേക്കു മടങ്ങുന്നവര്‍ക്കു ക്വാറന്റൈന്‍ ഉറപ്പാക്കുകയാണു വേണ്ടതെന്നും പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചു.

പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പൗരന്മാര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച വിവാദ തീരുമാനം പിന്‍വലിക്കേണ്ടി വന്നത്. സ്‌കോട്ട് മോറിസണിന്റെ തീരുമാനം വംശീയമാണെന്നും, അദ്ദേഹത്തിന്റെ കൈകളില്‍ രക്തം പുരണ്ടിരിക്കുന്നെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top