News Desk

2021-02-28 11:27:22 am IST

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വരുന്നവരും പോകുന്നവരുമായ എല്ലാ യാത്രക്കാരും മുസാഫിര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവര്‍ത്തിച്ച് ഡി.ജി.സി.എ. ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് വ്യോമയാന വകുപ്പ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തു വിട്ടത്.

നാഷണല്‍ ഏവിയേഷന്‍ സര്‍വീസസ് (നാസ്) വികസിപ്പിച്ച ഓണ്‍ലൈന്‍ സംവിധാനമാണ് മുസാഫിര്‍. കൊവിഡ് പശ്ചാത്തലത്തില്‍ യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്. 

ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ വാക്‌സിനേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുമായും ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്ന ഹോട്ടലുകളുമായും കൊവിഡ് പരിശോധനാ കേന്ദ്രങ്ങളുമായും പോര്‍ട്ടല്‍ ബന്ധിപ്പിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്ഡെസ്‌ക്കും മുസാഫിര്‍ പോര്‍ട്ടലില്‍ സജ്ജീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനസജ്ജമാണെങ്കിലും 2021 ഫെബ്രുവരി 21 മുതലാണ് കുവൈത്ത് വിമാനത്താവളം വഴിയുള്ള യാത്രക്കാര്‍ക്ക് മുസാഫിര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. uwaitmosafer.gov.kw എന്ന ലിങ്ക് വഴിയാണ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.

നിലവില്‍ വിദേശികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുന്നില്ല. അനിശ്ചിതകാലത്തേക്ക് ഏര്‍പ്പെടുത്തിയ ഈ വിലക്കില്‍ അഞ്ചോളം വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്. അതേസമയം, വിലക്ക് പൂര്‍ണമായി നീക്കുന്നതിനെ കുറിച്ച് ഇതുവരെ സൂചനകള്‍ ലഭ്യമായിട്ടില്ല.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top