News Desk

2021-04-20 10:54:36 am IST
വാഷിങ്ടണ്‍: കൊവിഡ് വ്യാപനം അതിശക്തമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന നിര്‍ദേശവുമായി അമേരിക്ക. വാക്‌സിനേഷന്‍ നടത്തിയവര്‍ക്ക് വരെ കൊവിഡ് പിടിപെടാനുള്ള സാധ്യതയുണ്ടെന്നും നിലവിലെ സ്ഥിതിയില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും യു.എ സ് സെന്റര്‍ ഫോര്‍ സിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അറിയിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായതിനെ  തുടര്‍ന്ന് ലെവല്‍-4 പട്ടികയിലാണ് ഇന്ത്യയെ അമേരിക്ക ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

യാത്ര ഒഴിവാക്കാന്‍ സാധിക്കാത്ത അത്യാവശ്യമുള്ളവര്‍ ഇന്ത്യിലേക്ക് പോകുന്നതിന് മുമ്പ് പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കണമെന്നും അധികൃതര്‍ യാത്രക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കണം, ആറടി അകലം പാലിക്കണം, കൈകള്‍ കഴുകണം, ആള്‍ക്കൂട്ടത്തിന്റെ ഭാഗമാകരുത് തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങളും യാത്രക്കാര്‍ക്കായി സി.ഡി.സി പുറപ്പെടുവിച്ചിട്ടുണ്ട്. 

കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രകള്‍ക്ക് ബ്രിട്ടണും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി ബ്രിട്ടണ്‍ അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കി മണക്കൂറുകള്‍ക്ക് പിന്നാലെയായിരുന്നു നടപടി. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടണില്‍ പ്രവേശിക്കാനാകില്ല. എന്നാല്‍ ഇന്ത്യയില്‍ നിന്നും വരുന്ന ബ്രിട്ടീഷ്, ഐറിഷ് പൗരന്മാര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കും.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top