News Desk

2020-02-24 07:19:42 pm IST
ലഖ്നൗ: അയോധ്യയിലെ ബാബ്റി മസ്ജിദ് ഭൂമി തര്‍ക്കകേസില്‍ സുപ്രീം കോടതി മുസ്ലീം പള്ളി പണിയാന്‍ അനുവദിച്ച അഞ്ചേക്കര്‍ ഭൂമിയില്‍ മസ്ജിദ്, ആശുപത്രി, ഇന്‍ഡോ- ഇസ്ലാമിക് ഗവേഷണ കേന്ദ്രം എന്നിവ നിര്‍മ്മിക്കാന്‍ തീരുമാനിച്ച് ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്. 

ഭൂമി ഏറ്റെടുക്കാന്‍ വഖഫ് ബോര്‍ഡ് തീരുമാനിച്ച യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായതെന്ന് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫറൂഖി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മസ്ജിദ് നിര്‍മ്മിക്കാന്‍ ഉടന്‍തന്നെ ട്രസ്റ്റ് രൂപീകരിക്കുമെന്നും ഫറൂഖി പറഞ്ഞു. 

മസ്ജിദിന് പുറമേ ഇന്‍ഡോ-ഇസ്ലാമിക് ഗവേഷണ കേന്ദ്രം, ലൈബ്രറി, ചാരിറ്റബിള്‍ ആശുപത്രി എന്നിവയും അഞ്ചേക്കര്‍ ഭൂമിയില്‍ നടപ്പാക്കും. മസ്ജിദിന്റെ വലിപ്പത്തിന്റെ കാര്യത്തില്‍ പുതിയ ട്രസ്റ്റ് തീരുമാനമെടുക്കുമെന്നും ഫറൂഖി പറഞ്ഞു.

അയോധ്യ കേസില്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സോഹാവാലില്‍ മുസ്ലീം പള്ളി പണിയാന്‍ അഞ്ചേക്കര്‍ ഭൂമി കണ്ടെത്തിയിരുന്നു.  അതേസമയം, രാമക്ഷേത്രം പുനര്‍ നിര്‍മ്മിക്കുന്നതിനായി കേന്ദ്രം ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്.

Top