News Desk

2020-12-01 10:44:27 pm IST
അയോധ്യ: ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദിനു കത്തെഴുതി അയോധ്യയിലെ മഹന്ത് പരംഹന്‍സ് ദാസ്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കാനും ഇദ്ദേഹം അനുമതി തേടിയിട്ടുണ്ട്. കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അയോധ്യ ജില്ലാ മജിസ്ട്രേറ്റിനും കൈമാറി.

ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി, രാജ്യത്തിന്റെ മറ്റൊരു വിഭജനം തടയുകയെന്ന ലക്ഷ്യമാണു തനിക്കുള്ളതെന്നാണ് മഹന്ത് കത്തില്‍ പറയുന്നത്. ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരിക, ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുക, ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുക, പെണ്‍കുട്ടികള്‍ക്കു സൗജന്യ വിദ്യാഭ്യാസം നല്‍കുക, യുവാക്കള്‍ക്കു തൊഴില്‍ നല്‍കുക, പശുവിനെ സംരക്ഷിത ദേശീയ അസ്തിത്വമായി പ്രഖ്യാപിക്കുക, രാമായണത്തെ ദേശീയ ഇതിഹാസമായി പ്രഖ്യാപിക്കുകയും കൂടാതെ എല്ലാ സിലബസുകളിലും ഉള്‍പ്പെടുത്തുകയും ചെയ്യുക തുടങ്ങിയവയാണ് മഹന്തിന്റെ ആവശ്യങ്ങള്‍.

ഏഴ് ആവശ്യങ്ങളടങ്ങിയ കത്ത് ഞാന്‍ രാഷ്ട്രപതിക്ക് അയച്ചു. ഈ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നില്ലെങ്കില്‍ എന്റെ ജീവിതം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മഹന്ത് പറഞ്ഞു. ഹിന്ദു രാഷ്ട്രം എന്ന തന്റെ ആവശ്യത്തിനായി ഒക്ടോബറില്‍ മഹന്ത് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയിരുന്നു. മഹന്തിന്റെ ആരോഗ്യ നില വഷളാകാന്‍ തുടങ്ങിയപ്പോള്‍ പൊലീസ് നിര്‍ബന്ധപൂര്‍വം ഉപവാസം അവസാനിപ്പിക്കുകയായിരുന്നു.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Top