News Desk

2021-04-20 02:04:34 pm IST
ന്യൂഡല്‍ഹി: രാജ്യത്ത് കണ്ടെത്തിയ ഇരട്ട ജനിതക വ്യതിയാനം കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നു. ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച ഈ വൈറസാണ് രാജ്യത്തെ കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗവ്യാപനം വേഗത്തിലാക്കിയെന്ന വിലയിരുത്തലിലാണ് ആരോഗ്യ വിദഗ്ധര്‍.  B1617 എന്നറിയപ്പെടുന്ന ഈ വൈറസ് നിലവിലുള്ള വാക്‌സിനുകളെയും മറികടക്കുമോ എന്ന് പരിശോധനകളും നടന്നു വരികയാണ്.

E484Q,L452R എന്നീ രണ്ട് വ്യതിയാനങ്ങള്‍ സംഭവിച്ച വൈറസാണ് B1617. ഈ വൈറസിനെപ്പറ്റി ലോകാരോഗ്യ സംഘടനയടക്കം പരിസോധനകള്‍ നടത്തുകയാണ്. ഈ വൈറസ് ഇന്ത്യയില്‍ നിന്ന് കണ്ടെത്തിയതിനാല്‍ രാജ്യത്ത് നിന്ന് വിവിധ രാജ്യങ്ങളിലേക്ക് യാത്രാ നിരോധനം വരുമോ എന്ന ആശങ്കയും ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഇതിനിട ബ്രിട്ടന്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക പൗരന്മാരോട് നിര്‍ദേശിക്കകയും ചെയ്തു. അതേസമയം, ഗള്‍ഫടക്കമുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് യാത്രാനിരോധനം പ്രഖ്യാപിച്ചാല്‍ നിരവധി പ്രവാസികളടക്കം കടുത്ത പ്രതിസന്ധിയിലാകും.


രാജ്യത്ത് നിന്ന് പുറത്തേക്ക് പോയ പലരിലും ഈ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. യുകെ, യുഎസ് അടക്കം ഉള്ള രാജ്യങ്ങളില്‍ ഈ വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. യു.കെയില്‍ ഓരോ ആഴ്ചയും പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തുന്നവരുടെ എണ്ണം ഇരട്ടിക്കുന്നുവെന്നാണ് കണക്കുകള്‍. ഇന്ത്യയെ റെഡ് ലിസ്റ്റിലാണ് യു.കെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

10 രാജ്യങ്ങളിലെങ്കിലും B1617 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ കൂടി ഭാഗമായാണ് അമേരിക്ക ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയെ അമേരിക്ക ലെവല്‍ നാല് കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യങ്ങളെയാണ് ലെവല്‍ നാല് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top