News Desk

2021-05-25 04:19:36 pm IST

മനാമ: ഇന്ത്യ ഉള്‍പ്പെടെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് ബഹ്‌റൈനിലേക്ക് വരുന്നവര്‍ 10 ദിവസത്തെ ക്വാറന്റൈനു ശേഷം സ്വന്തം പേരിലോ അടുത്ത കുടുംബാംഗത്തിന്റെ പേരിലോ ഉള്ള താമസ രേഖയോ നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി (എന്‍.എച്ച്.ആര്‍.എ) അംഗീകാരമുള്ള ഹോട്ടലിലെ റിസര്‍വഷന്‍ രേഖയോ ഹാജരാക്കിയില്ലെങ്കില്‍ യാത്രാ അനുമതി ലഭിക്കില്ല. 

ചൊവ്വാഴ്ച കോഴിക്കോട് നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ യാത്ര ചെയ്യാന്‍ എത്തിയ നിരവധി പേര്‍ക്ക് മതിയായ താമസ രേഖ ഹാജരാക്കാത്തതിനാല്‍ തിരിച്ചു പോകേണ്ടി വന്നു.

പുതിയ നിയന്ത്രണം നടപ്പാക്കിയ ആദ്യ ദിവസം ചില ഇളവുകള്‍ അനുവദിച്ചിരുന്നു. ഏതെങ്കിലും വിലാസം കാണിച്ചവരെയും ബഹ്റൈനില്‍ ഇറങ്ങാന്‍ അനുവദിച്ചിരുന്നു. എന്നാല്‍, ഇന്നലെ മുതല്‍ നിയന്ത്രണം കര്‍ശനമായി നടപ്പാക്കുകയായിരുന്നു.

സ്വന്തം പേരിലുള്ള ലീസ്/റെന്റല്‍ എഗ്രിമെന്റ്, ഇലക്ട്രിസിറ്റി ബില്‍ എന്നിവയിലൊന്നു താമസ രേഖയായി ഹാജരാക്കാം. അതല്ലെങ്കില്‍ അംഗീകൃത ഹോട്ടലില്‍ സ്വന്തം പേരിലെടുത്ത റിസര്‍വഷന്‍ രേഖ കാണിക്കണം. നാട്ടിലെ വിമാനത്താവളത്തില്‍ തമാസ രേഖ കാണിച്ചാല്‍ മാത്രമേ യാത്രക്ക് അനുമതി ലഭിക്കൂ. 

എന്‍.എച്ച്.ആര്‍.എ അംഗീകാരമില്ലാത്ത ഹോട്ടലില്‍ റിസര്‍വേഷന്‍ നടത്തിയവര്‍ക്കും ചൊവ്വാഴ്ച യാത്രാ അനുമതി ലഭിച്ചില്ല. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ബഹ്‌റൈന്‍ പുതിയ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.


ഇന്ത്യയില്‍നിന്ന് വരുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ബഹ്റൈനില്‍ റസിഡന്‍സ് പെര്‍മിറ്റ് ഉള്ളവര്‍ക്കും ബഹ്‌റൈന്‍ പൗരന്‍മാര്‍ക്കും മാത്രമാണ് യാത്രാ അനുമതി

10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധം

സ്വന്തം പേരിലോ അടുത്ത കുടുംബാംഗത്തിന്റെ പേരിലോ ഉള്ള താമസ രേഖ (ലീസ്/റെന്റല്‍ എഗ്രിമെന്റ് അല്ലെങ്കില്‍ ഇലക്ട്രിസിറ്റി ബില്‍) ഹാജരാക്കണം. അല്ലെങ്കില്‍ നാഷണല്‍ ഹെല്‍ത് റഗുലേറ്ററി അതോറിറ്റി (എന്‍.എച്ച്.ആര്‍.എ) അംഗീകരിച്ച ഹോട്ടലില്‍ റിസര്‍വേഷന്‍ നടത്തിയതിന്റെ രേഖ വേണം.

യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിലെ പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണം. അതില്‍ ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ കഴിയുന്നതാണെന്ന് ഉറപ്പു വരുത്തണം

ബഹ്‌റൈനില്‍ എത്തുമ്പോള്‍ എയര്‍പോര്‍ട്ടില്‍ വെച്ചും തുടര്‍ന്ന് 10-ാം ദിവസവും കൊവിഡ് ടെസ്റ്റ് നടത്തണം. ഇതിന് Be Aware ആപ്പ് വഴി 36 ദിനാര്‍ അടക്കണം. ഇല്ലെങ്കില്‍ ഈ തുക കൈവശം കരുതണം.

ബഹ്‌റൈനില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഈ നിബന്ധനകള്‍ ബാധകം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top