News Desk

2021-05-21 05:13:32 pm IST

മനാമ: ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ബഹ്റൈന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മെയ് 23 മുതല്‍ പ്രാബല്യത്തില്‍ വരും. ബഹ്‌റൈന്‍ പൗരന്‍മാര്‍, ബഹ്‌റൈനില്‍ റസിഡന്‍സ് വിസ ഉള്ളവര്‍, ജി.സി.സി പൗരന്‍മാര്‍ എന്നിവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. 

നാഷണാലിറ്റി, പാസ്‌പോര്‍ട്ട്‌സ്, ആന്റ് റസിഡന്‍സ് അഫയേഴ്‌സ് (എന്‍.പി.ആര്‍.എ) ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കാണ് പുതിയ നിയന്ത്രണം. ഈ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ നാഷണല്‍ മെഡിക്കല്‍ ടീമാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്.

23 മുതല്‍ ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ ബഹ്‌റൈനില്‍ റസിഡന്‍സ് വിസ ഉള്ളവരായിരിക്കണം എന്നും യാത്ര പുറപ്പെടുന്നതിന് മുമ്പ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിലെ ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ശരിയായ വിധത്തിലാണെന്ന് ഉറപ്പ് വരുത്തണമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.

ആറ് വയസിന് മുകളില്‍ പ്രായമുള്ളവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇവര്‍ ബഹ്‌റൈനില്‍ എത്തുമ്പോള്‍ വിമാനത്താവളത്തില്‍ വെച്ചും തുടര്‍ന്ന് അഞ്ചാം ദിവസവും 10ാം ദിവസവും കൊവിഡ് പരിശോധന നടത്തുകയും വേണം.

ഇതിന് പുറമേ, യാത്രക്കാര്‍ സ്വന്തം താമസ സ്ഥലത്ത് 10 ദിവസം ക്വാറന്റൈനില്‍ കഴിയണം. ഇവര്‍ സ്വന്തം പേരിലുള്ളതോ അടുത്ത കുടുംബാംഗത്തിന്റെയോ താമസ സ്ഥലത്തിന്റെ രേഖ തെളിവായി ഹാജരാക്കണം. അല്ലെങ്കില്‍, നാഷണല്‍ ഹെല്‍ത്ത് റഗുലേറ്ററി അതോറിറ്റി (എന്‍.എച്ച്.ആര്‍.എ) അംഗീകാരമുള്ള ഏതെങ്കിലും ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയണം.

അതേസമയം, എന്‍.എച്ച്.ആര്‍.എയുടെ അനുമതിയില്ലാത്ത ഹോട്ടലുകളും മറ്റ് താമസ കേന്ദ്രങ്ങളും യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ സൗകര്യം നല്‍കാന്‍ പാടില്ലെന്ന് ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി അറിയിച്ചു. നിയമം ലംഘിച്ച് ക്വാറന്റൈന്‍ സൗകര്യം നല്‍കിയാല്‍ സ്ഥാപനം താല്‍ക്കാലികമായി അടച്ചുപൂട്ടുകയോ 10000 ദിനാര്‍ വരെ പിഴ ചുമത്തുകയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ALSO WATCH


Top