ബഹ്റൈന്‍: ബഹ്റൈനില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പളം ബാങ്ക് അക്കൗണ്ടില്‍ നല്‍കണം എന്ന പുതിയ നിയമവുമായി തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയം. നിയമം മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രിയും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചെയര്മാന് ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ അറിയിച്ചു.
ബഹ്റെനിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം അവരുടെ അകൗണ്ടില്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതാണ് പുതിയ നിയമം. മന്ത്രിസഭാ യോഗം ഇതിന് അംഗീകാരം നല്കി. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. 500 തൊഴിലാളികളില്‍ കൂടുതലുള്ള സ്ഥാപനങ്ങളില്‍ മെയ് ഒന്നു മുതല്‍ തന്നെ പദ്ധതി നടപ്പാക്കണം.
50 മുതല്‍ 499 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ രണ്ടാം ഘട്ടത്തിലാണ്. ഇവിടെ സെപ്റ്റംബര്‍ ഒന്നു മുതല്‍ നിയമം നടപ്പാക്കണം. ഒന്നു മുതല്‍ 49 വരെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ 2022 ജനുവരി ഒന്നു മുതല്‍ തീരുമാനം നടപ്പാക്കണം എന്നാണ് നിയമത്തില്‍ പറയുന്നത്.
പ്രതിമാസ വേതനം കൃത്യസമയത്ത് തൊഴിലാളിക്ക് നല്‍കിയില്ലെങ്കില്‍ പിഴ ശിക്ഷ അടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കാനും നിയമം ഉണ്ട്. രാജ്യത്ത് മികച്ച തൊഴില്‍ അന്തരീക്ഷം ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
പുതിയ സംവിധാനം ഉല്പാദനക്ഷമത വര്‍ധിപ്പിക്കുമെന്നും രാജ്യത്ത് ബിസിനസ് മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ബഹ്റൈന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ലൈസന്‍സുള്ള ബാങ്കുകളുടെ സംവിധാനം ഉപയോഗിച്ച് തൊഴിലാളികള്‍ക്ക് വേതനം നല്കാന് തൊഴിലുടമകള്‍ ബാധ്യസ്ഥരാണെന്ന് മന്ത്രാലയം അറിയിച്ചു.
ഗാര്‍ഹിക തൊഴിലാളികളുടെ കാര്യത്തില്‍ തീരുമാനം നിര്‍ബന്ധമാക്കിയിട്ടില്ല. പുതിയ തീരുമാനം തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കും. കൂടാതെ മനുഷ്യക്കടത്ത് നടത്തുന്നത് ഇല്ലാതാക്കാനും സഹായിക്കും എന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക