News Desk

2021-02-03 01:11:28 pm IST
തിരുവനന്തപുരം: ഡോളര്‍കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്. 

നേരത്തെ സ്വര്‍ണക്കടത്ത് കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്താനുതകുന്ന തെളിവുകളൊന്നും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ചോദ്യം ചെയ്യലുമായി താന്‍ എല്ലാ വിധത്തിലും സഹകരിക്കുന്നുണ്ടെന്നും തനിക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നുമുള്ള ശിവശങ്കറിന്റെ വാദം പരിഗണിച്ച് രണ്ട് കേസുകളിലും ജാമ്യം അനുവദിച്ചിരുന്നു.

രണ്ടു ലക്ഷം രൂപ ബോണ്ട് നല്‍കണമെന്നും രണ്ടു പേരുടെ ആള്‍ ജാമ്യം ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 98 ദിവസങ്ങള്‍ക്കു ശേഷമാണ് ശിവശങ്കര്‍ ജയില്‍ മോചിതനാകുന്നത്. കേസില്‍ തനിക്ക് യാതൊരു പങ്കും ഇല്ലെന്ന് വാദിച്ച ശിവശങ്കര്‍ പ്രതികള്‍ നല്‍കിയ മൊഴികള്‍ മാത്രമാണ് തനിക്കെതിരെയുള്ളതെന്നും കോടതിയില്‍ പറഞ്ഞിരുന്നു. അതേസമയം, ഡോളര്‍ കടത്തിയ കേസില്‍ ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നായിരുന്നു കസ്റ്റംസ് വാദം.

ഒന്നരക്കോടി രൂപയുടെ ഡോളര്‍ കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഡോളര്‍ കടത്ത് കേസില്‍ കഴിഞ്ഞ ആഴ്ചയാണ് കസ്റ്റംസ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി അനുമതിയോടെ ആയിരുന്നു നടപടി. ഈ മാസം ഒമ്പത് വരെയാണ് റിമാന്‍ഡ് കാലാവധി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

 

Top