News Desk

2021-10-15 06:20:49 pm IST
ദുബൈ: ഒറ്റ രാത്രി കൊണ്ട് കോടീശ്വരനായി ബംഗ്ലാദേശ് സ്വദേശി അബ്ദുല്‍ ഖാദര്‍(32). ദുബൈ മഹ്സൂസ് നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹ (രണ്ട് കോടി രൂപ) മാണ് അബ്ദുല്‍ ഖാദറിനെ കോടീശ്വരനക്കിയത്. ദുബൈയില്‍ ക്രെയിന്‍ ഓപ്പറേറ്ററായി ജോലി നോക്കുകയാണ് അബ്ദുല്‍ ഖാദര്‍.

സ്വന്തമായി ബാങ്ക് അക്കൗണ്ട് പോലുമില്ലാത്ത അബ്ദുല്‍ ഖാദറിന് ശനിയാഴ്ച്ച രാത്രി നടന്ന 46-ാമത് പ്രതിവാര മഹ്സൂസ് നറുക്കെടുപ്പിലാണ് ഭാഗ്യം തേടിയെത്തിയത്. ബംഗ്ലാദേശില്‍ നിന്നുള്ള ആദ്യ മഹ്സൂസ് മില്ല്യനയര്‍ കൂടിയാണ് ഇദ്ദേഹം. 

'ഒരു മില്ല്യന്‍ ദിര്‍ഹത്തില്‍ എത്ര പൂജ്യമുണ്ടെന്ന് പോലും എനിക്ക് ഇപ്പോഴും അറിയില്ല. 10 വര്‍ഷം മുമ്പാണ് ദുബൈയിലെത്തിയത്. ലഭിക്കുന്ന ഓരോ ദിര്‍ഹവും കുടുംബത്തിന് അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.', അദ്ദേഹം പറഞ്ഞു.

'കിട്ടുന്ന ശമ്പളത്തിന്റെ ഭൂരിഭാഗവും നാട്ടിലേക്ക് അയക്കേണ്ടി വരുന്നതിനാല്‍ സ്വന്തം ഫോണില്‍ ഇന്റര്‍നെറ്റ് ഡാറ്റ കയറ്റാന്‍ പോലും സാധിക്കാറില്ല. ഞാന്‍ നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുകയായിരുന്നു. മൊബൈലില്‍ നറുക്കെടുപ്പ് കാണാന്‍ ശ്രമിച്ചെങ്കിലും ബഫറിങ് കാരണം പറ്റുന്നുണ്ടായിരുന്നില്ല. ഫലം അറിയാന്‍ അവസാനം ഞാന്‍ എന്റെ റൂം മേറ്റിനെ വിളിച്ചു. അപ്പോഴാണ് നറുക്കെടുപ്പ് ഫലത്തിന്റെ ആറ് നമ്പറുകളില്‍ തന്റെ ടിക്കറ്റിലുള്ള അഞ്ച് നമ്പറുകളും മാച്ച് ചെയ്യുന്നതായി അറിഞ്ഞത്. എന്നെ പോലെ പാവങ്ങള്‍ക്കും മഹ്‌സൂസില്‍ പങ്കെടുക്കാന്‍ കഴിയുന്നത് വളരെ വലുതാണ്. ഇത് അഞ്ചാം തവണയാണ് താന്‍ മെഹ്സൂസ് ടിക്കറ്റെടുക്കുന്നത്.', അബ്ദുല്‍ ഖാദര്‍ പറഞ്ഞു.

കിട്ടിയ പണത്തില്‍ നിന്ന് ഭാര്യക്ക് കുറച്ച് സ്വര്‍ണം വാങ്ങണം. ഇത്രയും കാലമായി അവള്‍ക്ക് വേണ്ടി ഒരു തരി സ്വര്‍ണം പോലും വാങ്ങാനായില്ല. ബാക്കി പണം സഹോദരങ്ങളെ സഹായിക്കാനും കുട്ടികളുടെ വിഭ്യാഭ്യാസത്തിനും കുടുംബത്തിന്റെ ഭാവി ഭദ്രമാക്കാനും ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top