News Desk

2021-04-13 10:44:24 pm IST
ഷാര്‍ജ: തട്ടിപ്പ് സംഘത്തിന്റെ പിടിയില്‍പ്പെട്ട ഇന്ത്യന്‍ പ്രവാസി യുവാവിന് ക്രൂര മര്‍ദ്ദനം. സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിനു മുകളില്‍ നിന്നും വീണ യുവാവ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. 

കഴിഞ്ഞയാഴ്ച ഷാര്‍ജയിലെ അല്‍ നഹ്ദയില്‍ വെച്ചായിരുന്നു സംഭവം. റോഡില്‍ നിന്ന് ലഭിച്ച ഒരു പരസ്യ കാര്‍ഡില്‍ കണ്ട ഫോണ്‍ നമ്പറില്‍ യുവാവ് ബന്ധപ്പെടുകയായിരുന്നു. ആശയ വിനിമയത്തിനൊടുവില്‍ മസാജിനായി ഒരു അപ്പാര്‍ട്ട്‌മെന്റിലെത്താന്‍ യുവാവിന് നിര്‍ദേശം ലഭിച്ചു. 

അപ്പാര്‍ട്ട്‌മെന്റിലെത്തിയപ്പോള്‍ ആഫ്രിക്കക്കാരായ ആറ് പുരുഷന്മാരും ഏതാനും സ്ത്രീകളുമാണ് അവിടെയുണ്ടായിരുന്നത്. ഇവര്‍ യുവാവിനെ നഗ്‌നനാക്കി വീഡിയോ ചിത്രീകരിച്ചു. തുടര്‍ന്ന് ബാങ്ക് കാര്‍ഡുകളും അവയുടെ പിന്‍ നമ്പറുകളും ആവശ്യപ്പെടുകയായിരുന്നു. 

പണം അപഹരിക്കാനുള്ള ശ്രമം ചെറുത്തതോടെ യുവാവിനെ ക്രൂരമായി സംഘം മര്‍ദ്ദിക്കാന്‍ തുടങ്ങി. നഗ്‌ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച വീഡിയോ ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി.

ഉപദ്രവം സഹിക്കാനാവാതെ വന്നതോടെയാണ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് യുവാവ് താഴേക്ക് ചാടിയത്. വിവരം ലഭിച്ചതനുസരിച്ച് പൊലീസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തി. 

അടിവസ്ത്രം മാത്രം ധരിച്ച് രക്തത്തില്‍ കുളിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് അല്‍ ഖാസിമി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top