News Desk

2021-02-07 02:15:41 pm IST

ഷാര്‍ജ: ഷാര്‍ജയില്‍ ബാങ്കിനെ കബളിപ്പിച്ച് 84 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സൗത്ത് തൃക്കരിപ്പൂര്‍ സ്വദേശി തുരുത്തുമ്മല്‍ അബ്ദുല്‍ റഹ്മാനെതിരെ ചന്തേര പൊലീസ് കേസെടുത്തു. സമാന സംഭവത്തില്‍ പി. നാരായണന്‍ വെള്ളിക്കോത്ത് എന്നയാള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസും കേസെടുത്തിട്ടുണ്ട്. 

മൂന്നു കോടി രൂപ തിരിച്ചടച്ചില്ലെന്ന പരാതിയിലാണ് നാരായണനെതിരെ കേസെടുത്തത്. ഷാര്‍ജ ഇന്‍വെസ്റ്റ് ബാങ്കിനു വേണ്ടി ബാങ്കിന്റെ പവര്‍ ഓഫ് അറ്റോര്‍ണിയായ എറണാകുളത്തെ എക്‌സ്ട്രീം കണ്‍സല്‍റ്റന്‍സി കമ്പനിയുടെ ഓള്‍ട്ടര്‍നേറ്റ് ഡയറക്ടറും പവര്‍ ഓഫ് അറ്റോര്‍ണിയുമായ തൃശൂര്‍ സ്വദേശി പി.എസ് അസിന്‍ നല്‍കിയ പരാതിയിലാണ് കേസ്.

യു.എ.ഇയില്‍ മുസ്സഫ വ്യാവസായിക മേഖലയില്‍ ഹെക്‌സാ ഓയില്‍ ആന്‍ഡ് ഗ്യാസ് സര്‍വീസ് എന്ന പേരില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ചെറുകിട റിഫൈനറിയും മൊത്ത വ്യാപാരവും നടത്തി വന്ന അബ്ദുല്‍ റഹ്മാന്‍ 2017 ഒക്ടോബര്‍ നാലിന് വ്യവസായ വിപുലീകരണത്തിന് വായ്പ എടുത്തിരുന്നു. 12 മലയാളികള്‍ കൂടി ഈ സംരംഭത്തിലുണ്ട്. രണ്ടു ഘട്ടങ്ങളിലായി 68.159 മില്യന്‍ ദിര്‍ഹമാണ് വായ്പ എടുത്തത് 

വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് 2018 ഏപ്രില്‍ ഒന്നിന് ബാങ്ക് പ്രതിനിധികള്‍ സ്ഥാപനം സന്ദര്‍ശിച്ചപ്പോള്‍ വായ്പ നല്‍കിയ തുക വ്യവസായത്തില്‍ മുടക്കിയിട്ടില്ലെന്നു വ്യക്തമായി. ബാങ്കിന് നല്‍കിയ ചെക്കുകള്‍ പണമില്ലാതെ മടങ്ങുകയും ചെയ്തു. 

വഞ്ചന തിരിച്ചറിഞ്ഞതോടെ അബ്ദുല്‍ റഹ്മാന്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ 2019-ല്‍ അബുദാബി കോടതിയില്‍ പരാതി നല്‍കി. ബാങ്കിനെ വഞ്ചിച്ച് ഉണ്ടാക്കിയ മുഴുവന്‍ തുകയും അനധികൃത മാര്‍ഗങ്ങളിലൂടെ കേരളത്തില്‍ എത്തിച്ച് വിവിധ ബിനാമി പേരുകളില്‍ നിക്ഷേപിച്ചതായി പരാതിയില്‍ പറയുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top