News Desk

2022-01-14 08:45:32 pm IST
റാഞ്ചി: അപകടത്തെത്തുടര്‍ന്ന് അഞ്ചുവര്‍ഷത്തോളമായി തളര്‍ന്നു കിടപ്പിലായയാള്‍ കൊവിഡ് വാക്സിനെടുത്തതോടെ എഴുന്നേറ്റു നടക്കാന്‍ തുടങ്ങി. ജാര്‍ഖണ്ഡിലെ ബൊകാറോ ജില്ലയിലെ ഉത്തസാരയിലാണ് ഇത്തരത്തിലൊരു കൗതുക സംഭവമുണ്ടായത്.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ദുലാര്‍ചന്ദ് മുണ്ടയ്ക്ക് അഞ്ചുവര്‍ഷം മുന്‍പാണ് ഒരു റോഡപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നത്. അപകടത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി നടക്കാനും എഴുന്നേല്‍ക്കാനും സംസാരിക്കാനുമൊന്നുമാകാതെ വീട്ടില്‍ തളര്‍ന്നുകിടപ്പായിരുന്നു.

ഈ മാസം നാലിനാണ് സമീപത്തെ അങ്കന്‍വാടി ജീവനക്കാരന്‍ വീട്ടിലെത്തി കോവിഷീല്‍ഡ് വാക്സിന്റെ ആദ്യ ഡോസ് നല്‍കിയത്. വാക്‌സിനെടുത്ത് തൊട്ടടുത്ത ദിവസം തന്നെ എല്ലാവരെയും ഞെട്ടിപ്പിച്ചുകൊണ്ട് 55-കാരന് ശരീരമിളക്കാനും സംസാരിക്കാനുമെല്ലാം തുടങ്ങി. വീട്ടുകാരുടെ സഹായത്തോടെ പതുക്കെ നടക്കാനും സാധിക്കുന്നുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. 

അത്ഭുതകരമായ സംഭവത്തെക്കുറിച്ച് പഠിക്കാനായി മൂന്നംഗ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ബൊകാറോയിലെ സിവില്‍ സര്‍ജന്‍ ഡോ. ജിതേന്ദ്ര കുമാര്‍ പ്രതികരിച്ചു. മുണ്ടയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിക്കുമെന്നും ഇതുകൂടി വിലയിരുത്തിയാകും സംഭവത്തെക്കുറിച്ചുള്ള വിശദീകരണം തയാറാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ദൈവികമായ ഇടപെടലിനെ തുടര്‍ന്നാണ് മുണ്ടയ്ക്ക് ശാരീരിക-സംസാരശേഷിയെല്ലാം തിരിച്ചുകിട്ടിയതെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top