News Desk

2021-05-24 05:29:54 pm IST

മിന്‍സ്‌ക്: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാന്‍ നാടകീയ നീക്കം. 170 യാത്രക്കാരുമായി ഏഥന്‍സില്‍ നിന്ന് ലിത്വാനിയയിലേക്ക് പറന്ന വിമാനത്തിന് ബോംബ് ഭീഷണിയുണ്ടെന്ന വ്യാജ സന്ദേശം നല്‍കി സര്‍ക്കാര്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യിച്ചു.

മാധ്യമപ്രവര്‍ത്തകന്‍ റൊമാന്‍ പ്രെട്ടസോവിച്ചിനെ അറസ്റ്റ് ചെയ്യുന്നതിനായി ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോയുടെ നിര്‍ദേശ പ്രകാരമാണ് ഞായറാഴ്ച വിമാനം അടിയന്തരമായി നിലത്തിറക്കിയത്. ലിത്വാനിയയിലെ വില്‍നൂയിസിലെക്ക് പറക്കുന്നതിനിടെ വിമാനത്തിന് ബോംബ് ഭീഷണിയുണ്ടെന്ന് വ്യാജ സന്ദേശം നല്‍കിയാണ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യിച്ചത്.

സന്ദേശം ലഭിച്ചതിന് പിന്നാലെ ബെലാറൂസ് തലസ്ഥാനമായ മിന്‍സ്‌കിലെ വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. വിമാനം നിലത്തിറങ്ങിയതിന് പിന്നാലെ ബെലാറൂസ് സൈന്യം വിമാനത്താവളത്തിലെത്തി റൊമാന്‍ പ്രെട്ടസോവിച്ചിനെ അറസ്റ്റ് അറസ്റ്റ് ചെയ്തു. സൈന്യത്തിന്റെ മിഗ്-29 ഫൈറ്റര്‍ ജെറ്റ് അടക്കമുള്ള വന്‍ സന്നാഹങ്ങളുമായിട്ടാണ് സൈന്യം എത്തിയത്.

റൊമാന്‍ പ്രെട്ടസോവിച്ചിന്റെ അറസ്റ്റിന് പിന്നാലെയാണ് ലഭിച്ചത് വ്യാജ സന്ദേശമാണെന്ന് പൈലറ്റിന് വ്യക്തമായത്. റൊമാന്‍ പ്രെട്ടസോവിച്ചിനെ പിടികൂടിയതിന് പിന്നാലെ വിമാനത്തിന് പറക്കാന്‍ അനുമതി നല്‍കി. പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോ നേരിട്ട് നടത്തിയ നീക്കമാണ് വിമാനം അടിയന്തരമായി നിലത്തിറക്കാനുള്ള നീക്കം നടന്നതെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതോടെയാണ് റൊമാന്‍ പ്രെട്ടസോവിച്ച് സര്‍ക്കാരിന്റെ കണ്ണിലെ കരടായത്. ഇതിനിടെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 

സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചതതോടെ വേട്ടയാടലുകള്‍ രൂക്ഷമായതോടെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ വിദേശരാജ്യങ്ങളില്‍ അഭ്യം പ്രാപിച്ചിരുന്നു. യാത്രക്കാരുമായി പറന്ന വിമാനം പിടിച്ചെടുക്കാന്‍ വ്യാജ സന്ദേശം നല്‍കി വിമാനം നിലത്തിറക്കിയ ബെലാറൂസിന്റെ നടപടി യു.എസും യൂറോപ്യന്‍ യൂണിയനും അപലപിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top