News Desk

2021-06-09 09:55:36 pm IST
 
ബംഗളൂരു: പ്രവാസി വ്യവസായിയും ഉഡുപ്പിയിലെ നക്ഷത്ര ഹോട്ടല്‍ ഉടമയുമായിരുന്ന ഇന്ദ്രാണിയിലെ കെ. ഭാസ്‌കര്‍ ഷെട്ടിയെ (52) കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം. ഭാസ്‌കര്‍ ഷെട്ടിയുടെ ഭാര്യ രാജേശ്വരി ഷെട്ടി (51), മകന്‍ നവനീത് ഷെട്ടി (22), ജ്യോത്സ്യന്‍ നിരഞ്ജന്‍ ഭട്ട് (26) എന്നിവര്‍ക്കാണ് ഉഡുപ്പി ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് ജെ.എന്‍ സുബ്രഹ്മണ്യ ശിക്ഷ വിധിച്ചത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 302 (കൊലപാതകം), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരുന്നത്. െഎ.പി.സി 201-ാം വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് നാലു വര്‍ഷത്തെ തടവും ഒപ്പം അനുഭവിക്കണം.

2016 ജൂലൈ 28-നാണ് കേസിനാസ്പദ സംഭവം. സൗദി അറേബ്യയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയും ഉഡുപ്പിയില്‍ നക്ഷത്ര ഹോട്ടലും നടത്തിയിരുന്ന ഭാസ്‌കര്‍ 2016 മെയില്‍ നാട്ടില്‍ തിരിച്ചെത്തിയിരുന്നു. കുടുംബ പൂജാരിയുമായി ഭാര്യ രാജേശ്വരിക്കുണ്ടായിരുന്ന ബന്ധം ഭാസ്‌കര്‍ മനസ്സിലാക്കിയതോടെ ഇയാളെ വകവരുത്താന്‍ ഭാര്യയും മകനും ചേര്‍ന്ന് പദ്ധതിയിടുകയായിരുന്നു. 

മകനെ കാണാനില്ലെന്ന് കാണിച്ച് ജൂലൈ 31-ന് ഭാസ്‌കറിന്റെ മാതാവ് ഗുലാബി മണിപ്പാല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാജേശ്വരിയും നവനീതുമാണ് മകന്റെ തിരോധാനത്തിന് പിന്നിലെന്ന് സംശയിക്കുന്നാതായും അവര്‍ പരാതിയില്‍ ആരോപിച്ചിരുന്നു.

ജൂലൈ 28-ന് ഉഡുപ്പി ഇന്ദ്രാണി ഹയഗ്രീവ നഗറിലെ വീട്ടില്‍വെച്ച് ഭാര്യയും മകനും ചേര്‍ന്ന് ഭാസ്‌കര്‍ ഷെട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കഷണങ്ങളാക്കിയ മൃതദേഹം പൊതിഞ്ഞ് കാറില്‍ കയറ്റി ജ്യോത്സ്യന്റെ സഹായത്തോടെ കര്‍ക്കല നന്ദളികെയിലെ യാഗശാലയിലെ ഹോമകുണ്ഠത്തില്‍ ദഹിപ്പിച്ച് ഭസ്മമാക്കി പുഴയില്‍ പല ഭാഗങ്ങളില്‍ ഒഴുക്കുകയായിരുന്നു. 

കേസ് അന്വേഷിച്ച മണിപ്പാല്‍ പൊലീസ് പ്രതികളെ പിടികൂടിയെങ്കിലും തുടരന്വേഷണം ആഗസ്റ്റ് 18-ന് സി.ഐ.ഡി വിഭാഗം ഏറ്റെടുത്തു. സൗദിയില്‍ ഏഴ് സൂപ്പര്‍മാര്‍ക്കറ്റും ഉഡുപ്പിയില്‍ ദുര്‍ഗ ഇന്റര്‍നാഷനല്‍ എന്ന നക്ഷത്ര ഹോട്ടലിനും പുറമെ ഉഡുപ്പി ഭാഗത്ത് നിരവധി സ്വത്തുക്കളും ഭാസ്‌കര്‍ ഷെട്ടിക്ക് സ്വന്തമായുണ്ടായിരുന്നു.

പ്രൊസിക്യൂഷനുവേണ്ടി അഡ്വ. ശാന്താറാം ഷെട്ടി ഹാജരായി. സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയിലെ വിചാരണ. അന്തിമവിചാരണ വേളയില്‍ രാജേശ്വരി, ഡ്രൈവര്‍ രാഘവേന്ദ്ര എന്നിവര്‍ നേരിട്ടും നവനീത്, നിരഞ്ജന്‍ എന്നിവരെ ബംഗളൂരു ജയിലില്‍നിന്ന് വിഡിയോ കോണ്‍ഫറന്‍സിങ് വഴിയും കോടതിയില്‍ ഹാജരാക്കി. 

രാജേശ്വരിയെ ബംഗളൂരു സെന്റര്‍ ജയിലില്‍ അയക്കാന്‍ കോടതി നിര്‍ദേശിച്ചു. മതിയായ തെളിവുകളില്ലാത്തതിനാല്‍ രാഘവേന്ദ്രയെ കുറ്റവിമുക്തനാക്കി. തെളിവുകള്‍ നശിപ്പിച്ചു എന്ന കുറ്റത്തിന് പ്രതിചേര്‍ക്കപ്പെട്ട നിരഞ്ജന്‍ ഭട്ടിന്റെ പിതാവ് ശ്രീനിവാസ് ഭട്ട് കേസിന്റെ വിചാരണവേളയില്‍ മരണപ്പെട്ടിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top