News Desk

2021-04-30 08:20:52 pm IST

ഭോപാല്‍: കഴിഞ്ഞ രണ്ടാഴ്ചയായി ഭോപാല്‍ നഗരത്തിലെ ജാവേദ് ഖാന്‍ എന്ന ഓട്ടോ ഡ്രൈവര്‍ ഓടുന്നത് കൊവിഡ് രോഗികള്‍ക്ക് വേണ്ടിയാണ്. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗികളെ സഹായിക്കാന്‍ സ്വന്തം ഓട്ടോ 'ആംബുലന്‍സ്' ആക്കിയിരിക്കുകയാണ് ജാവേദ് ഖാന്‍. 

ആശുപത്രികളിലെത്താന്‍ വഴിയില്ലാതെ വിഷമിക്കുന്ന രോഗികളെയാണ് ജാവേദ് തന്റെ ഓട്ടോ ആംബുലന്‍സില്‍ കൊണ്ടുപോകുന്നത്. സൗജന്യമായാണ് രോഗികളെ ആശുപത്രിയിലെത്തിക്കുന്നത്. രോഗികള്‍ക്ക് ആവശ്യമുള്ള ജീവന്‍രക്ഷാ സംവിധാനങ്ങളും ഓട്ടോയില്‍ ഒരുക്കിയിട്ടുണ്ട്. 

ഓക്‌സിജന്‍ സിലിണ്ടറും ഓക്‌സിമീറ്ററും സാനിറ്റെസറും പി.പി.ഇ കിറ്റും അവശ്യമരുന്നുമൊക്കെ ഓട്ടോയില്‍ ലഭ്യമാണ്. ഭാര്യയുടെ ആഭരണം വിട്ടാണ് ഇതിനുള്ള പണം ജാവേദ് കണ്ടെത്തിയത്. അത്യാസന്ന നിലയില്‍ കഴിയുന്നവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വാഹന സൗകര്യമില്ലാത്ത അവസ്ഥ കണ്ടാണ് ജാവേദ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. 

ഗോവിന്ദ്പുരയിലുള്ള ഓക്‌സിജന്‍ പ്ലാന്റിലെത്തിയാണ് ജാവേദ് ഓക്‌സിജന്‍ നിറക്കുന്നത്. നാലും അഞ്ചും മണിക്കുര്‍ കാത്തുനിന്നാലാണ് ഓക്‌സിജന്‍ ലഭിക്കുക. ഒരു സിലിണ്ടര്‍ റീഫില്‍ ചെയ്യുന്നതിന് 450 മുതല്‍ 550 രൂപ വരെയാണ് വില.

'എന്റെ നമ്പര്‍ 7999909494 എല്ലാ സമൂഹ മാധ്യമങ്ങളിലും നല്‍കിയിട്ടുണ്ട്. ആംബുലന്‍സ് ലഭിക്കാത്തവര്‍ക്കും മറ്റ് സഹായങ്ങള്‍ വേണ്ടവര്‍ക്കും എപ്പോള്‍ വേണമെങ്കിലും എന്നെ വിളിക്കാം. ഒമ്പത് ഗുരുതര രോഗികളെ സമയത്തിന് ആശുപത്രിയിലെത്തിച്ച് രക്ഷിക്കാനായത് വലിയ പുണ്യമായി കരുതുന്നു.', ജാവേദ് പറയുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top