News Desk

2021-03-17 12:37:49 pm IST
ലഖ്‌നൗ: മുകേഷ് അംബാനിയുടെ ഭാര്യയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ നിത അംബാനിയെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ വിസിറ്റിങ് പ്രൊഫസറാക്കാനുള്ള നീക്കത്തിനെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം. കാമ്പസ് വൈസ് ചാന്‍സലര്‍ രാകേഷ് ബത്‌നാഗറിന്റെ വസതിക്കു മുന്നില്‍ നാല്‍പ്പതോളം വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി.

വുമണ്‍ സ്റ്റഡി സെന്ററില്‍ വിസിറ്റിങ് പ്രൊഫസറായാണ് സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് നിത അംബാനിയെ ക്ഷണിച്ചത്. റിലയന്‍സ് ഫൗണ്ടേഷന്‍ സ്ത്രീ ശാക്തീകരണത്തിന് വേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡീന്‍ കൗശല്‍ കിഷോര്‍ പ്രതികരിച്ചു.

എന്നാല്‍, ഈ തീരുമാനത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളുടെ ആരോപണം. കോടീശ്വരന്റെ ഭാര്യ എന്നത് നേട്ടമല്ലെന്നും ഇത്തരക്കാരെ തങ്ങള്‍ ഐക്കണുകളായി പരിഗണിക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

സ്ത്രീ ശാക്തീകരണമാണ് വിഷയമെങ്കില്‍ അരുണിമി സിന്‍ഹ, ബചേന്ദ്രി പാല്‍, മേരി കോം, കിരണ്‍ ബേദി എന്നിവരെയാണ് ക്ഷണിക്കേണ്ടതെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്.

ഗൗതം അദാനിയുടെ ഭാര്യ പ്രീതി അദാനി, യു.കെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ വ്യവസായി ലക്ഷ്മി മിത്തലിന്റെ ഭാര്യ ഉഷ മിത്തല്‍ എന്നിവരെയും വിസിറ്റിങ് പ്രൊഫസര്‍മാരായി നിയമിക്കാന്‍ സര്‍വ്വകലാശാല പ്രൊപ്പോസല്‍ തയ്യാറാക്കിയിട്ടുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top