News Desk

2021-09-21 10:55:43 pm IST

വാഷിങ്ടന്‍: വ്യക്തവും വിജയം നേടാവുന്നതുമായ സൈനിക ദൗത്യങ്ങളെ യു.എസ് ഏറ്റെടുക്കൂവെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. ആവശ്യമെങ്കില്‍ സൈനിക നടപടിക്ക് യു.എസ് തയ്യാറാകുമെന്നും എന്നാല്‍ അവസാന മാര്‍ഗമായി മാത്രമേ അതിനെ കാണൂ എന്നും ബൈഡന്‍ വ്യക്തമാക്കി.

ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയുടെ 76-ാം സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് വിദേശ സൈനിക നടപടികള്‍ സംബന്ധിച്ച് ബൈഡന്‍ നിലപാട് വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാനില്‍നിന്നുള്ള യു.എസ് സേനാ പിന്മാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

യു.എസ് പുതിയ ശീതയുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ചൈനയുമായുള്ള ബന്ധത്തെ സൂചിപ്പിച്ച് ബൈഡന്‍ പറഞ്ഞു. 'എത്ര ഭിന്നതകളുണ്ടെങ്കിലും പൊതുവായ വെല്ലുവിളികള്‍ നേരിടാനും സമാധാനപരമായ നീക്കങ്ങള്‍ക്കും ഏത് രാജ്യവുമായി യോജിച്ച് പ്രവര്‍ത്തിക്കാനും തയ്യാറാണ്. ലോകരാജ്യങ്ങള്‍ക്കിടയിലുള്ള പരസ്പര സഹകരണം ഇക്കാലത്ത് അനിവാര്യമാണ്.', ജോ ബൈഡന്‍ പറഞ്ഞു.

അതേസമയം, ഇസ്രയേലിന്റെയും ഫലസ്തീന്റെയും കാര്യത്തിലെ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പിന്തുണ അമേരിക്ക തുടരുമെന്നും ബൈഡന്‍ പറഞ്ഞു. ഇറാന്‍ സഹകരിക്കുകയാണെങ്കില്‍ ആണവ കരാര്‍ പൂര്‍ണമായി പാലിക്കാന്‍ യു.എസ് തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകം നിര്‍ണായക വഴിത്തിരിവിലാണെന്നും കൊവിഡും കാലാവസ്ഥ വ്യതിയാനവും മനുഷ്യാവകാശ ലംഘനങ്ങളുമടങ്ങിയ വലിയ പ്രശ്‌നങ്ങള്‍ സഹകരിച്ചും അതിവേഗത്തിലും നേരിടാനാകണമെന്നും അദ്ദേഹം പറഞ്ഞു.

'സ്വന്തം ജനതക്ക് വേണ്ടത് നല്‍കാന്‍ ലോകരാജ്യങ്ങളിലെ വിഷയങ്ങളിലും ഇടപെടേണ്ടിവരും. അഫ്ഗാനിസ്താനിലെ സംഘര്‍ഷ ഭരിതമായ 20 വര്‍ഷത്തെ ഇടപെടല്‍ അവസാനിപ്പിച്ച രാജ്യം ലോകത്തുടനീളം വികസനത്തിന് നല്‍കുന്ന സഹായംവഴി നിരന്തര നയതന്ത്രത്തിന്റെ പാതയാണ് തുറക്കുന്നത്.', ബൈഡന്‍ പറഞ്ഞു.

'അതിരുകളറിയാത്ത കാലാവസ്ഥ വ്യതിയാന പ്രശ്‌നം ഈ വര്‍ഷം വ്യാപക മരണവും ദുരന്തങ്ങളുമാണ് ലോകത്തുടനീളം സമ്മാനിച്ചത്. ഇനി തിരിച്ചുപോക്ക് സാധ്യമാകാത്ത മാറ്റത്തിന്റെ ഘട്ടത്തിലാണ് ലോകം. പ്രശ്‌നം പരിഹരിച്ചില്ലെങ്കിലും കാട്ടുതീയും കൊടുങ്കാറ്റും ഉഷ്ണവാതങ്ങളും പിന്നെ കടല്‍ കയറലുമായി പ്രതിസന്ധി രൂക്ഷമാകും.', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top