News Desk

2021-02-11 04:19:44 pm IST

വാഷിംഗ്ടണ്‍: മ്യാന്‍മറില്‍ ഭരണം അട്ടിമറിച്ച സൈനിക മേധാവികള്‍ക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക. സിവിലിയന്‍ നേതാവ് ഓങ് സാന്‍ സൂചിയേയും സഹായികളെയും അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയ സൈന്യം രാജ്യത്തിനുമേല്‍ സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 

തലസ്ഥാന നഗരമായ നയ്പിഡാവ്, വാണിജ്യ തലസ്ഥാനമായ യാംഗോണ്‍ തുടങ്ങിയ നഗരങ്ങളിലുള്‍പ്പെടെ കടുത്ത പ്രതിഷേധവുമായി ജനം തെരുവില്‍ സജീവമാണെങ്കിലും സൈന്യം നിലപാട് മാറ്റിയിട്ടില്ല. സൂചിയെ അറസ്റ്റ് ചെയ്തയുടന്‍ ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു.

പട്ടാളത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ ജനം നിസ്സഹകരണ സമരത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിക്ക് ഹാജരാകാതെയാണ് ഒന്നാം ഘട്ട നിസ്സഹകരണം. ഇതിനു പിന്തുണ നല്‍കിയാണ് സൈനിക ജനറല്‍മാര്‍ക്കെതിരെ യു.എസ് ഉപരോധം ഏര്‍പ്പെടുത്തുന്നത്. 

യു.എസില്‍ തടഞ്ഞുവെച്ച 100 കോടി ഡോളര്‍ വരുന്ന മ്യാന്‍മര്‍ സര്‍ക്കാര്‍ ഫണ്ട് സൈന്യത്തിന് ഇതോടെ പിന്‍വലിക്കാനാകില്ല. കയറ്റുമതി വിലക്കും ഏര്‍പ്പെടുത്തും. ബര്‍മ സര്‍ക്കാറിന്റെ മറ്റു ഫണ്ടുകളും മരവിപ്പിക്കും.

അതിനിടെ, സൂചിയുടെ സഹായിയും മന്ത്രിയുമായിരുന്ന ക്യാവ് ടിന്റ് സ്വയെ സൈന്യം അറസ്റ്റ് ചെയ്തു. സൂചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി  ഫേസ്ബുക്ക് വഴിയാണ് വിവരം പങ്കുവെച്ചത്. രാജ്യത്ത് സൈന്യം കൂട്ടമായി ഭരണ നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് തുടരുകയാണ്. ബുധനാഴ്ച രാത്രിയിലാണ് വീട്ടിലെത്തി മന്ത്രിയെ സൈന്യം കസ്റ്റഡിയിലെടുത്തത്.

പാശ്ചാത്യ രാജ്യങ്ങള്‍ ഉള്‍പ്പെടെ സൈനിക അട്ടിമറിയെ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും ചൈന, ഇന്ത്യ, ജപ്പാന്‍, ഏഷ്യന്‍ അയല്‍ രാജ്യങ്ങള്‍ മ്യാന്‍മറുമായി ബന്ധം വിഛേദിക്കാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്. അതുവഴി വിദേശ സമ്മര്‍ദ്ദം മറികടക്കാമെന്ന് സൈന്യം കണക്കുകൂട്ടുന്നു.

മ്യാന്മര്‍ അട്ടിമറിക്കെതിരെ യു.എന്‍ മനുഷ്യാവകാശ കമീഷന്‍ വെള്ളിയാഴ്ച പ്രമേയം അവതരിപ്പിക്കുമെങ്കിലും റഷ്യ, ചൈന രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനാവാത്തതിനാല്‍ പരാജയപ്പെടുമെന്നാണ് സൂചന.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top