News Desk

2021-05-16 02:07:12 pm IST

വാഷിങ്ടണ്‍: ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന അക്രമണങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ഹമാസ് ആണ് ആക്രമണം നടത്തുന്നതെന്നും ഇസ്രായേലിനുനേരെ ഹമാസ് നടത്തുന്ന റോക്കറ്റ് ആക്രമണം അവസാനിപ്പിക്കണമെന്ന് ജോ ബൈഡന്‍ ആവശ്യപ്പെട്ടു. 

ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ടെലിഫോണിലുടെ നടത്തിയ ചര്‍ച്ചയിലാണ് ബൈഡന്‍ ഇക്കാര്യം ഉന്നയിച്ചത്. ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നുവെന്ന പേരില്‍ ഇസ്രായേല്‍ തുടരുന്ന അക്രമണത്തിന് പിന്തുണ നല്‍കുക കൂടിയാണ് ഇതിലൂടെ ബൈഡന്‍ ചെയ്തിരിക്കുന്നത്. 

ഗസ്സയിലെ ഹമാസും മറ്റു തീവ്രവാദികളും നടത്തുന്ന റോക്കറ്റാക്രമണങ്ങള്‍ക്കെതിരെ ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിന് ഉറച്ച പിന്തുണ നല്‍കുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ അറിയിച്ചു.

''ഈ പുതിയ സംഘര്‍ഷം ഇസ്രായേലിലും ഫലസ്തീനിലും കുട്ടികളുള്‍പെടെ സാധാരണക്കാരുടെ ജീവന്‍ അപഹരിച്ചിട്ടുണ്ട്. ഗസ്സയിലെ ഹമാസും മറ്റു തീവ്രവാദികളും നടത്തുന്ന റോക്കറ്റാക്രമണങ്ങള്‍ക്കെതിരെ ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിന് ഉറച്ച പിന്തുണ നല്‍കുന്നു. ഇസ്രായേലിലുടനീളം പട്ടണങ്ങളും നഗരങ്ങളും ലക്ഷ്യമിട്ട് നടത്തുന്ന വിവേചനമില്ലാത്ത ആക്രമണങ്ങളെ അപലപിക്കുകയും ചെയ്യുന്നു.'', വൈറ്റ്ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു.

മേഖലയില്‍ പുതുതായി ശക്തിയാര്‍ജിച്ച മുസ്‌ലിം- ജൂത വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ബൈഡന്‍ നടുക്കമറിയിച്ചു. അതേസമയം, അമേരിക്കന്‍ പ്രസിഡന്റുമായി സംഭാഷണ ശേഷം ഗസ്സയില്‍ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഇനിയും റോക്കറ്റ് തൊടുക്കാന്‍ അര്‍ഹരല്ല ഹമാസെന്ന് പഠിപ്പിക്കുകയാണ് ലക്ഷ്യമെന്ന് നെതന്യാഹു പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top