News Desk

2021-02-13 06:41:24 pm IST

വാഷിങ്ടണ്‍: ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടുമെന്ന വാഗ്ദാനവുമായി ബൈഡന്‍ ഭരണകൂടം. ജോര്‍ജ് ഡബ്ല്യു ബുഷ് 2002-ല്‍ തുടങ്ങിവെച്ച ഗ്വാണ്ടനാമോ ഡിറ്റന്‍ഷന്‍ ക്യാംപ് മനുഷ്യത്വം തീണ്ടാത്ത ക്രൂരതകള്‍ക്കു കുപ്രസിദ്ധിയാര്‍ജിച്ചതാണ്. 

ഭീകരവാദത്തിനു പരിഹാരമായി കൊല്ലുക, അല്ലെങ്കില്‍ വിചാരണ കൂടാതെ അനന്തമായി ജയിലിലിടുക, പീഡിപ്പിക്കുക എന്നായിരുന്നു ഗ്വാണ്ടനാമോ ഡിറ്റന്‍ഷന്‍ ക്യാംപ് തുടങ്ങിയപ്പോള്‍ ബുഷ് പറഞ്ഞിരുന്നത്. നേരത്തെ തടവറ അടച്ചുപൂട്ടുമെന്ന വാഗ്ദാനം ബറാക് ഒബാമ പ്രസിഡന്റായിരിക്കെ നല്‍കിയി
രുന്നെങ്കിലും ഒന്നും സംഭവിച്ചിരുന്നില്ല.

ക്യൂബയിലെ ഗ്വാണ്ടനാമോ ദ്വീപില്‍ കടുത്ത നിയന്ത്രണങ്ങളോടെ അമേരിക്ക സ്ഥാപിച്ച ജയിലാണ് പുതിയ പ്രസിഡന്റ് ജോ ബൈഡന്റെ സര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ നീക്കം ആരംഭിച്ചത്. വരും ആഴ്ചകളിലോ മാസങ്ങളിലോ ഇതിനുള്ള ഉത്തരവില്‍ ബൈഡന്‍ ഒപ്പുവെക്കുമെന്നാണ് സൂചന.

ജി.ടി.എം.ഒ എന്നും ഗിറ്റ്‌മോ എന്നും വിളിക്കപ്പെടുന്ന തടവറയില്‍ അല്‍ഖ്വയ്ദ, താലിബാന്‍ ബന്ധമാരോപിച്ച് ആരംഭ വര്‍ഷത്തില്‍ മാത്രം 680 പേരെയാണ് എത്തിച്ച് കൊടിയ ക്രൂരതകള്‍ക്ക് ഇരയാക്കിയിരുന്നത്. 

വര്‍ഷങ്ങള്‍ നീണ്ട ക്രൂരതകള്‍ക്കൊടുവില്‍ തടവുകാരില്‍ ഭൂരിപക്ഷവും മരിക്കുകയും നാടുകടത്തപ്പെടുകയും ചെയ്തു. ഇനിയും 40 പേര്‍ ഇവിടെ അനിശ്ചിത കാല തടവില്‍ തുടരുന്നുണ്ട്. 2001 സെപ്റ്റംബറില്‍ അമേരിക്കയിലെ ലോക വ്യാപാര കേന്ദ്രത്തിനുനേരെ നടന്ന ആക്രമണത്തിന് പിന്തുണ നല്‍കിയെന്നും ആസൂത്രണത്തില്‍ പങ്കാളികളായെന്നും പറഞ്ഞാണ് ഇവരെ തടവിലിട്ടിരിക്കുന്നത്. ട്രംപ് അധികാരത്തിലിരുന്ന അവസാന വര്‍ഷങ്ങളില്‍ ഗ്വാണ്ടനാമോ തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ണമായി നിര്‍ത്തിവെച്ച നിലയിലായിരുന്നു.

ബൈഡന്‍ ഭരണകൂടം തീരുമാനമെടുത്തിട്ടുണ്ടെങ്കിലും തടവറ അടച്ചുപൂട്ടല്‍ വേഗത്തിലാകില്ലെന്ന് ദേശീയ സുരക്ഷ കൗണ്‍സില്‍ വക്താവ് എമിലി ഹോണ്‍ പറഞ്ഞു. രാഷ്ട്രീയ-നിയമ പ്രശ്‌നങ്ങള്‍ ഒരുപോലെ ബൈഡന്റെ നീക്കത്തിനു മുന്നില്‍ തടസ്സമായി നില്‍ക്കുമെന്നാണ് സൂചന.

മുന്‍ പ്രസിഡന്റ് ബറാക് ഒബാമ 2016-ല്‍ ആണ് ഇതിനെതിരെ രംഗത്തുവന്നിരുന്നത്. തടവറ അമേരിക്കന്‍ മൂല്യങ്ങള്‍ക്ക് എതിരാണെന്നും രാജ്യത്തിന്റെ ചരിത്രത്തിനുമേലുള്ള കറയാണെന്നുമായിരുന്നു ഒബാമയുടെ വാക്കുകള്‍. തടവറ അടച്ചുപൂട്ടണമെന്നും 2016-ല്‍ അദ്ദേഹം ആവശ്യപ്പെട്ടു. 

എന്നാല്‍, അതേ വര്‍ഷം അധികാരമേറിയ ട്രംപ് ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടില്ലെന്ന് പ്രതിജ്ഞ ചെയ്തു. കുറെ മോശക്കാരെ കൊണ്ടുവന്ന് ഇനിയും നിറക്കേണ്ടതുണ്ടെന്നായിരുന്നു ട്രംപിന്റെ ആവശ്യം.

തടവറ തുറന്ന ആദ്യ ദിവസം ഇവിടെ എത്തിച്ച സുഡാനീസ് തടവുകാരന്‍ ഇബ്‌റാഹിം ഇദ്‌രീസ് കഴിഞ്ഞ ദിവസം നാട്ടില്‍ മരിച്ചിരുന്നു. ഗ്വാണ്ടനാമോ നാളുകളില്‍ അനുഭവിച്ച ക്രൂരതയുടെ തുടര്‍ച്ചയായാണ് മരണമെന്ന് അഭിഭാഷകന്‍ ക്രിസ്റ്റഫര്‍ കറന്‍ കുറ്റപ്പെടുത്തിയിരുന്നു. 

അല്‍ഖ്വയ്ദ തലവന്‍ ഉസാമ ബിന്‍ ലാദിന്റെ സഹായിയെന്നു പറഞ്ഞ് പാകിസ്താനില്‍നിന്നാണ് ഇദ്‌രീസിനെ കസ്റ്റഡിയിലെടുത്തിരുന്നത്. ഒരിക്കല്‍ പോലും കുറ്റം ചുമത്തപ്പെട്ടിരുന്നില്ല. 

2002 ജനുവരി 11-ന് ഇദ്‌രീസ് ഉള്‍പെടെ 20 പേരെയാണ് ആദ്യമായി ജയിലിലെത്തിച്ചിരുന്നത്. ക്യാമ്പ് എക്‌സ് റേ എന്ന തടവറയിലായിരുന്നു പാര്‍പ്പിച്ചത്. ചുറ്റും കമ്പിവേലികെട്ടി സുരക്ഷാ ഉദ്യോഗസ്ഥര്‍ കാവലിരുന്ന ഇവിടെ മുട്ടുകുത്തി നില്‍ക്കുന്ന ഇവരുടെ ചിത്രം അമേരിക്ക പുറത്തുവിടുന്നതോടെയാണ് ഗ്വാണ്ടനാമോയെ കുറിച്ച ആദ്യ റിപ്പോര്‍ട്ടുകള്‍ ലോകമറിയുന്നത്. 

മാനസിക വിഭ്രാന്തിയും പ്രമേഹവും രക്താതിസമ്മര്‍ദവും കൊണ്ടു വലഞ്ഞ ഇദ്‌രീസിനെ 2013 ഡിസംബറിലാണ് വിട്ടയക്കുന്നത്. മാനസികമായും ശാരീരികമായും തകര്‍ന്ന ഇദ്‌രീസ് സുഡാന്‍ തീരത്ത് അലയുന്ന ചിത്രങ്ങള്‍ അമേരിക്കക്കെതിരെ കടുത്ത വിമര്‍ശനം സൃഷ്ടിച്ചിരുന്നു.

തണുത്തുറഞ്ഞ സെല്ലില്‍ വിവസ്ത്രരാക്കി കൈകാലുകള്‍ ബന്ധിച്ചായിരുന്നു കടലിന് നടുവിലെ ഈ ദ്വീപില്‍ ആളുകളെ പാര്‍പ്പിച്ചിരുന്നത്. അത്യുച്ചത്തില്‍ സംഗീതം മുഴക്കിയും വലിയ വെളിച്ചം തെളിച്ചും ഉറങ്ങാനും അനുവദിക്കില്ല. അസൗകര്യപ്രദമായ രീതിയില്‍ നീണ്ടസമയം നില്‍ക്കേണ്ടിവരിക, നീണ്ടനാള്‍ തലമൂടിക്കെട്ടുക, ലൈംഗികവും സാംസ്‌കാരികവുമായ പീഡനങ്ങള്‍, നിര്‍ബന്ധിത മരുന്നുകുത്തിവെപ്പുകള്‍ തുടങ്ങിയ പീഡനങ്ങളും ഗ്വാണ്ടനാമോയില്‍ അരങ്ങേറിയിരുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top