സാന്ദ്ര ആചാര്യ

2020-11-04 02:50:45 pm IST
ലോകം ഉറ്റുനോക്കുന്നത് രണ്ട് കാര്യങ്ങളാണ്, അതില്‍ ഒന്നാമത്തേത് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ച് മനുഷ്യന് ഭീഷണി വിതച്ച് ഇപ്പോഴും വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് -19 നെതിരായ വാക്‌സിന്റെ കണ്ടുപിടുത്തം. രണ്ടാമത്തേത് അന്താരാഷ്ട്ര രംഗത്ത് തലയെടുപ്പോടെ നില്‍ക്കുന്ന അമേരിക്കയെ ഇനി ആരു നയിക്കും എന്നതിന്റെ വിധി. അതെ, ലോകം കാത്തിരിക്കുന്ന ആ നിര്‍ണായക വിധിയിലേക്ക് അമേരിക്ക അടുത്തു കഴിഞ്ഞു. അമേരിക്കയുടെ ചരിത്രത്തില്‍ ഇത്രയും വീറും വാശിയും നിറഞ്ഞു നിന്ന മറ്റൊരു പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുമ്പ് നടന്നിട്ടില്ലെന്ന് തന്നെ പറയാം. അതിന്റെ ശക്തമായ പ്രതിഫലനമാണ് മുന്‍ തെരഞ്ഞെടുപ്പുകളിലൊന്നും പ്രകടമല്ലാത്ത ഉയര്‍ന്ന പോളിംഗ് ശതമാനം. സുപ്രധാനമായ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി പ്രധാനപ്പെട്ട സംസ്ഥാനങ്ങളെല്ലാം തന്നെ വിധിയെഴുതാന്‍ പോവുകയാണ്. ഇന്ത്യന്‍ സമയം ഉച്ചക്ക് മൂന്നരക്ക് ആരംഭിച്ച പോളിംഗ് പൂര്‍ത്തിയാക്കി നാളെ രാവിലെയോടെ ആദ്യ ഫല സൂചനകള്‍ അറിയാം. 

നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ജോ ബൈഡനും തമ്മിലുള്ള മത്സരത്തിന്റെ വിധിയാണ് നിശ്ചയിക്കാന്‍ പോകുന്നത്. ഇതുവരെ അമേരിക്ക കണ്ട തെരഞ്ഞെടുപ്പായിരിക്കില്ല ഇത്തവണത്തേതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം അടിവരയിടുന്നുണ്ട്. കാരണം അത്രക്ക് കരുത്തുറ്റ നേതാക്കളാണ് മത്സരിക്കുന്നത്. ആദ്യഫല സൂചനകള്‍ നാളെ രാവിലെ അറിയാം. എന്നാല്‍, തപാല്‍ വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ വൈകുമെന്നതിനാല്‍ അന്തിമഫലം വൈകും. ഇന്ന് പുലര്‍ച്ചെ ആറു മണിയോടെയാണ് വോട്ടിംഗ് ആരംഭിച്ചത്. ന്യൂയോര്‍ക്ക്, നോര്‍ത്ത് ഡെക്കോഡ എന്നീ സംസ്ഥാനങ്ങളില്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് ഒമ്പത് മണി വരെയാണ് പോളിംഗ്.

തെരഞ്ഞെടുപ്പ് ഫലം വൈകിയാല്‍ താന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഫലം വൈകിയാല്‍ അതിന്റെ അര്‍ത്ഥം എവിടെയോ എന്തോ തകരാറുണ്ടെന്നാണ് ട്രംപിന്റെ പക്ഷം. എന്നാല്‍ ഫലം വൈകുന്നത് അമേരിക്കയുടെ തെരഞ്ഞടുപ്പ് പ്രക്രിയയില്‍ സാധാരണമാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച കൃത്യമായ റിപ്പോര്‍ട്ട് നിലവില്‍ ലഭ്യമല്ല. യുഎസിലെ തിരഞ്ഞെടുപ്പുരീതി തന്നെയാണ് ഫലപ്രഖ്യാപനത്തിന്റെ ഈ പ്രവചനാതീത സ്വഭാവത്തിനു പ്രധാന കാരണം. ഇലക്ടറല്‍ കോളജ് സംവിധാനത്തിലൂടെയാണ് രാജ്യത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തുന്നത്. യുഎസിലെ 50 സ്റ്റേറ്റുകളിലെയും തലസ്ഥാനമായ വാഷിങ്ടന്‍ ഉള്‍പ്പെടുന്ന ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലെ മൂന്നു വോട്ടുകളുമടക്കം 538 ഇലക്ടറല്‍ വോട്ടുകള്‍ ചേര്‍ന്നതാണ് ഇലക്ടറര്‍ കോളജ്. തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷത്തിനു വേണ്ടത് 270 ഇലക്ടറല്‍ വോട്ടാണ്. നവംബര്‍ മൂന്നിനു നടക്കുന്ന പ്രധാന തിരഞ്ഞെടുപ്പില്‍ ജനം വോട്ടു ചെയ്യുന്നത് ട്രംപിനോ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനോ അല്ല, മറിച്ച് അവരെ ഇലക്ടറല്‍ കോളജ് വഴി തിരഞ്ഞെടുക്കാനുള്ള ഓരോ സ്റ്റേറ്റിന്റെയും പ്രതിനിധികളെയാണ്.

2016ല്‍ അഭിപ്രായ സര്‍വേകളില്‍ മുന്നിട്ടു നിന്ന ഡമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലറി ക്ലിന്റന്‍ 30 ലക്ഷം ജനകീയ വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. എന്നാല്‍ ഇലക്ടറല്‍ വോട്ടില്‍ മുന്നിലെത്തിയ ട്രംപ് പ്രസിഡന്റായി. അതിനാല്‍ ഇത്തവണ ജനകീയ വോട്ടിന്റെ ഭൂരിപക്ഷം ബൈഡന്‍ നേടിയാലും ഇലക്ടറല്‍ വോട്ടില്‍ ട്രംപ് വീണ്ടും മുന്നേറുമോ എന്നതും ലോകം ഉറ്റു നോക്കുന്നുണ്ട്. മെയിലിലൂടെയും അല്ലതെയുമുള്ള വോട്ടുകളിലെ വര്‍ധനവ് തങ്ങള്‍ക്ക് അനുകൂലമാണെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഡെമോക്രാറ്റുകള്‍. എന്നാല്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്കാരും പ്രതീക്ഷ കൈവിടുന്നില്ല. 2016ലെ പോലെ തന്നെ ഫ്‌ലോറിഡ, നോര്‍ത്ത് കരോലിന എന്നീ സംസ്ഥാനങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം വിധി നിര്‍ണയിക്കും. അതേസമയം, ഡൊണള്‍ഡ് ട്രംപ്, ഡമോക്രാറ്റ് സ്ഥാനാര്‍ഥിയായ ജോ ബൈഡനെക്കാള്‍ ശരാശരി 9 പോയിന്റിനു പിന്നിലാണെന്നാണ് സര്‍വേകള്‍ പറയുന്നത്. എന്നാല്‍, ഫ്‌ലോറിഡയും പെന്‍സില്‍വേനിയയും പോലെ നിര്‍ണായക സംസ്ഥാനങ്ങളില്‍ നേരിയ വ്യത്യാസത്തിനാണെങ്കിലും വിജയം ഉറപ്പാക്കാനായാല്‍ ഇലക്ടറല്‍ വോട്ടില്‍ ഭൂരിപക്ഷം നേടി ട്രംപിനു വീണ്ടും പ്രസിഡന്റാകാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ജോ ബൈഡന് നേരിയ മുന്‍തൂക്കമുണ്ടെന്നാണ് വിവിധ വാര്‍ത്താ മാധ്യമങ്ങള്‍ നടത്തിയ സര്‍വേയില്‍ പറയുന്നത്. എന്‍.സി.ബി ന്യൂസും, വാള്‍ സ്ട്രീറ്റ് ജേണലും നടത്തിയ സര്‍വേയിലാണ് ജോ ബൈഡന് മുന്‍തൂക്കം പ്രവചിച്ചത്. 

കൊറോണ വൈറസ് എന്ന മഹാമാരി തുടര്‍ന്നുണ്ടായ അതിരൂക്ഷമായ തൊഴിലില്ലായ്മയും സാമ്പത്തിക തകര്‍ച്ചയും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിധിയെ ശക്തമായി സ്വാധീനിക്കും എന്നു തന്നെയാണ് വാഷിംഗ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. കൊവിഡിനെ പ്രതിരോധിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രസിഡന്റ് എന്ന നിലയില്‍ ട്രംപ് പരിപൂര്‍ണ പരാജയമായിരുന്നുവെന്ന് ഡെമോക്രാറ്റുകള്‍ പ്രചരിപ്പിക്കുമ്പോഴും നാലു വര്‍ഷത്തെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി അമേരിക്കയില്‍ അതിവേഗം ബഹുദൂരം സഞ്ചരിച്ച ട്രംപാണോ അതോ താന്‍ അധികാരത്തില്‍ എത്തിയാല്‍ എല്ലാം ശരിയാകും എന്നു ഉറപ്പു നല്‍കുന്ന ബൈഡനോ ആരാണ് 2020 ലെ തിരെഞ്ഞെടുപ്പില്‍ വിജയിയാകുന്നതെന്ന് കാത്തിരുന്നു കാണാം.കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു 


ALSO WATCHTop