News Desk

2021-02-24 06:21:31 pm IST

റിയാദ്: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനവും കൊലപാതകവും സംബന്ധിച്ച് യു.എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തിറങ്ങുന്നതിന് മുന്നോടിയായി പ്രസിഡന്റ് ജോ ബൈഡന്‍ സൗദി അറേബ്യയിലേക്ക് ബുധനാഴ്ച വിളിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിനെയായിരിക്കും ബൈഡന്‍ വിളിക്കുക എന്നാണ് സൂചന. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ സൗദി രാജാവിന്റെ ആണ്‍ മക്കളില്‍ ഒരാള്‍ക്ക് പിടിവീഴുമെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അമേരിക്കന്‍ ദേശീയ ഇന്റലിജന്‍സ് ഡയറക്ടറുടെ ഓഫീസില്‍ നിന്നുള്ള റിപ്പോര്‍ട്ട് അനുസരിച്ച് എം.ബി.എസ് എന്നറിയപ്പെടുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഖഷോഗിയുടെ കൊലപാതകത്തിലും മൃതദേഹം ഛേദിച്ചുകളയലിലും പങ്കാളിയാണ്. 

വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റും സൗദി സര്‍ക്കാര്‍ നയങ്ങളുടെ വിമര്‍ശകനുമായിരുന്ന ജമാല്‍ ഖഷോഗി 2018 ഒക്ടോബറില്‍ ഇസ്താംബുളില്‍ വെച്ചാണ് കൊലചെയ്യപ്പെടുന്നത്. സൗദി ഏജന്റുമാറാണ് കൊലപാതകത്തിനു പിന്നില്‍. 

കൊലപാതകവുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വിവരങ്ങള്‍ പുറത്തുവിടാന്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അനുവദിച്ചിരുന്നില്ല. എന്നാല്‍ ബൈഡന്‍ അധികാരത്തിലേറിയാല്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ പുറത്തുവിടുമെന്ന് നേരത്തെ സൂചനകള്‍ ലഭിച്ചിരുന്നു.

ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന്റെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടണമെന്ന് അമേരിക്കന്‍ സര്‍ക്കാരിനോട് മുതിര്‍ന്ന ഡെമോക്രാറ്റിക്ക് നേതാവും ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍മാനുമായ ആദം ഷിഫ് ആവശ്യപ്പെട്ടിരുന്നു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ അവ്‌റില്‍ ഹൈന്‍സിന് ഇതുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ കത്തയച്ചിരുന്നു.

ഖഷോഗിയുടെ മരണത്തില്‍ പങ്കുള്ള സൗദിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടക്കം പേരുകള്‍ വെളിപ്പെടുത്തുമെന്നും കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തുവിടുമെന്നും ഹൈന്‍സ് പറഞ്ഞിരുന്നു.

അതേസമയം, ഖഷോഗിയുടെ കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടതിന് ശേഷമാണ് അദ്ദേഹം കൊല്ലപ്പെട്ടുവെന്നും എന്നാല്‍ രാജ്യത്തിന്റെ നേതൃത്വത്തിന്റ അറിവില്ലാതെയാണ് കൊലപാതകം നടന്നത് എന്നും സൗദി പറഞ്ഞത്. ഖഷോഗിയുടെ കൊലപാതകത്തില്‍ അന്താരാഷ്ട്ര തലത്തിലും സൗദിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഡൊണാള്‍ഡ് ട്രംപ് കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സൗദി രാജകുടുംബത്തെ രക്ഷിക്കാന്‍ ശ്രമിച്ചതും വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

ബൈഡന്‍ അധികാരത്തില്‍ ഏറിയതിന് പിന്നാലെ വാഷിംഗ്ടണ്ണുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. സൗദിയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന ആളാണ് ബൈഡന്‍ എന്ന നിലയില്‍ പുതിയ അമേരിക്കന്‍ ഭരണകൂടത്തിന്റെ നിലപാടുകള്‍ സൗദിയെ സമ്മര്‍ദ്ദത്തിലാക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ ചുണ്ടിക്കാണിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top