News Desk

2021-02-08 10:40:40 am IST

വാഷിങ്ടന്‍: ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. 2015-ലെ ആണവകരാര്‍ അംഗീകരിക്കാതെ ഉപരോധം നീക്കാനാകില്ലെന്ന് ബൈഡന്‍ പറഞ്ഞു. ആണവ കരാറിന് വിരുദ്ധമായി യുറേനിയം സമ്പൂഷ്ടീകരണ തോത് ഉയര്‍ത്തിയ നടപടി ഇറാന്‍ പിന്‍വലിക്കണമെന്നും ബൈഡന്‍ പറഞ്ഞു.

അതേസമയം, ഇറാനുമായുള്ള ഭാവി ചര്‍ച്ചാ സാധ്യത ബെഡന്‍ തള്ളിയിട്ടില്ല. ആണവക്കരാര്‍ അംഗീകരിക്കണമെങ്കില്‍ അമേരിക്ക ഉപരോധം പിന്‍വലിക്കണമെന്നാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പറഞ്ഞത്. 

2015-ലെ ആണവ കരാറിനു മേല്‍ ഇനി തുടര്‍ ചര്‍ച്ചകള്‍ ആവശ്യമില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് അറിയിച്ചു. ഉപരോധം പിന്‍വലിക്കുക, കരാര്‍ നടപ്പാക്കാന്‍ സന്നദ്ധത അറിയിക്കുക എന്നിവയാണ് അമേരിക്കയോട് ഇറാന്‍ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടത്. യൂറോപ്യന്‍ യൂനിയനാണ് ഇറാനും അമേരിക്കക്കും ഇടയില്‍ സമവായത്തിനു വേണ്ടി സജീവമായി രംഗത്തുള്ളത്.

വൈദ്യുതി ഉല്‍പാദനത്തിന് ആവശ്യമായ സമ്പുഷ്ട യുറേനിയം മാത്രമേ ഇറാന്‍ സൂക്ഷിക്കാവൂ എന്നായിരുന്നു ആണവക്കരാറില്‍ നിര്‍ദേശിച്ചിരുന്നത്. 300 കിലോഗ്രാമില്‍ താഴെ യുറേനിയം സമ്പുഷ്ടീകരിക്കാനായിരുന്നു അനുമതി. അധികമുള്ളതു വിദേശത്ത് വില്‍പന നടത്തണം. 

സമ്പുഷ്ടീകരിച്ച കൂടുതല്‍ യുറേനിയം അണ്വായുധമുണ്ടാക്കാന്‍ ഉപയോഗിച്ചേക്കാം എന്നതിനാലായിരുന്നു കരാറില്‍ അത്തരമൊരു നിര്‍ദേശം വെച്ചത്. പരിധിയില്ലാതെ യുറേനിയം സമ്പുഷ്ടീകരണം വരുന്നതോടെ ഇനി ഇറാന്റെ ലക്ഷ്യം അണവായുധ നിര്‍മാണമായിരിക്കുമെന്നും രാജ്യാന്തര നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിയിരുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top