News Desk

2021-05-25 02:35:39 pm IST

ദോഹ: പ്രാദേശിക ഉല്‍പന്നങ്ങളുടെ ഉല്‍പാദനത്തിലും വിതരണത്തിലും ഖത്തറിന് വന്‍ മുന്നേറ്റം. ഖത്തരി ട്രാക്കിങ് നമ്പര്‍ നല്‍കുന്ന പദ്ധതി പ്രദേശിക ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ ഈയടുത്ത് കൈക്കൊണ്ട ഏറെ ഉപകാരപ്രദമായ തീരുമാനമായിരുന്നു.

ഖ്യാതി ക്യൂലൈഫ് ഫാര്‍മയാണ് മെയ്ഡ് ഇന്‍ ഖത്തറിന്റെ ഖത്തരി ട്രാക്കിങ് നമ്പര്‍ കരസ്ഥമാക്കുന്ന പ്രഥമ കമ്പനി. വരും ദിവസങ്ങളില്‍ കൂടുതല്‍ കമ്പനികള്‍ ദേശീയ ട്രാക്കിങ് കോഡ് ലഭിക്കുന്ന പട്ടികയില്‍ ഇടം പിടിക്കും.

ഉല്‍പന്നങ്ങളിലെ ട്രാക്കിങ് നമ്പറുകളിലൂടെ ഉല്‍പന്നങ്ങളുടെ പൂര്‍ണ വിവരം, കാലാവധി, ഉല്‍പാദന സമയം, ഉല്‍പന്നത്തിലടങ്ങിയിരിക്കുന്ന വസ്തുക്കള്‍, ചില സാഹചര്യങ്ങളില്‍ ഉല്‍പന്നത്തിന്റെ വില എന്നിവ അറിയാന്‍ ഉപഭോക്താവിന് സാധിക്കും.

നേരത്തേ ഖത്തരി ഉല്‍പന്നങ്ങള്‍ വേര്‍തിരിച്ചറിയുന്നതിന് നിര്‍മാതാക്കള്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍നിന്നുള്ള ട്രാക്കിങ് നമ്പറുകളാണ് നല്‍കിയിരുന്നത്.

അതേസമയം, പ്രാദേശിക പച്ചക്കറികളുടെ ഉല്‍പാദനത്തില്‍ വന്‍നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഫലമായി ഇത്തരം ഉല്‍പന്നങ്ങളുടെ വിപണനത്തിലും ഉല്‍പാദനത്തിലും വലിയ വര്‍ധനയാണുള്ളത്. കര്‍ഷകര്‍ക്ക് മികച്ച വരുമാനം ലഭിക്കുന്നതിന് ഇത്തരം നടപടികള്‍ ഏറെ ഗുണകരമാകുന്നുണ്ട്.

കടകളുടെ ഷെല്‍ഫുകളില്‍ ഒരേ തരത്തിലുള്ള ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ആകെ സ്ഥലത്തിന്റെ 50 ശതമാനത്തില്‍ പ്രാദേശിക ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. മധ്യഭാഗത്തുള്ള ഷെല്‍ഫുകളിലാണ് ഇത്തരം ഉല്‍പന്നങ്ങള്‍ വെക്കേണ്ടത്. 'നാഷണല്‍ പ്രോഡക്ട്' എന്ന ലേബല്‍ ഷെല്‍ഫുകളില്‍ പതിക്കുകയും വേണം. 

പച്ചക്കറിയിലെ നഷ്ടം കുറക്കുന്നതിനും ഉല്‍പാദന നിലവാരം ഉയര്‍ത്തുന്നതിനും ഉല്‍പന്നങ്ങളുടെ വില ലഭിക്കുന്നതിനും ഇത് കാരണമായിട്ടുണ്ട്. ഇത്തരം സംരംഭത്തിന്റെ പ്രയോജനം ഈ സീസണില്‍ 159 ഫാമുകള്‍ക്കാണ് ലഭിക്കുന്നത്. 2020 ഒക്ടോബര്‍ അവസാനത്തോടെയാണ് സീസണ്‍ ആരംഭിച്ചത്. 2021 ഫെബ്രുവരി അവസാനം വരെ പച്ചക്കറി വില്‍പന എട്ടായിരം ടണ്‍ ആയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 34 ശതമാനം വര്‍ധനയാണിത്.

കാര്‍ഷിക ഉടമകളെ രാജ്യത്തെ വലിയ വില്‍പനശാലകളുമായി ബന്ധിപ്പിക്കുന്നതിന് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ആരംഭിച്ച പദ്ധതിയിലും ഖത്തര്‍ ഫാം പ്രോഗ്രാമിലുമായി 150-ഓളം ഫാമുകള്‍ ഉണ്ട്. 2021-ന്റെ ആരംഭം മുതല്‍ 2021 ഫെബ്രുവരി അവസാനം വരെ ഉപഭോക്തൃ സമുച്ചയങ്ങളില്‍ വിപണനം ചെയ്തത് ഏഴായിരം ടണ്ണാണ്. 2020 ഡിസംബര്‍ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള കാലയളവില്‍ വിതരണം ചെയ്ത മൊത്തം അളവ് ഏകദേശം 2359 ടണ്‍ പച്ചക്കറിയാണ്. മൊത്തം വാങ്ങല്‍ മൂല്യം ശരാശരി അഞ്ച് റിയാല്‍ വീതം 11.8 ദശലക്ഷം റിയാലാണ്.

ഖത്തരി ഉല്‍പന്നങ്ങള്‍ക്കായി പ്രത്യേക ലോഗോയും വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കിയിരുന്നു. ഖത്തരി പതാകയോടൊപ്പം അറബിയിലും ഇംഗ്ലീഷിലുമായി 'ഖത്തരി ഉല്‍പന്നം' എന്ന് ആലേഖനം ചെയ്തതാണ് ലോഗോ.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top