News Desk

2021-05-03 10:13:26 pm IST
അബുദാബി: ഇത്തവണത്തെ ബിഗ് ടിക്കറ്റ് 227ാം സീരിസ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം സ്വന്തമാക്കി പ്രവാസി. ദുബൈയില്‍ താമസിക്കുന്ന ശ്രീലങ്കന്‍ സ്വദേശി മുഹമ്മദ് മിഷ്ഫാക്കിനാണ് നറുക്കെടുപ്പില്‍ ഗ്രാന്റ് പ്രൈസായ 1.2 കോടി ദിര്‍ഹം ലഭിച്ചത്. രണ്ടാം സമ്മാനമായ 30 ലക്ഷം ദിര്‍ഹം ഒമാനില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ അബു മാമ്മന്‍ ബാബുവിനാണ് ലഭിച്ചത്. മൂന്നാം സമ്മാനമായ  10 ലക്ഷം ദിര്‍ഹം നേടിയതും ഇന്ത്യക്കാരനായ അനൂജ് ത്യാഗരാജനാണ്.  

ഏപ്രില്‍ 29 നാണ് മിഷ്ഫാക്ക് സമ്മാനാര്‍ഹമായ 054978 എന്ന നമ്പരിലുള്ള ടിക്കറ്റ് വാങ്ങിയത്. നറുക്കെടുപ്പ് വേദിയില്‍ വെച്ച് തന്നെ ബിഗ് ടിക്കറ്റ് അധികൃതര്‍  ഗ്രാന്റ് പ്രൈസ് വിജയിയായ മിഷ്ഫാക്കിനെ വിളിക്കുകയും സമ്മാനവിവരം അറിയിക്കുകയും ചെയ്തു. വളരെയധികം സന്തോഷമുണ്ടെന്നും ഇപ്പോള്‍ എന്താണ് പറയേണ്ടതെന്ന് അറിയില്ലെന്നും മുഹമ്മദ് പറഞ്ഞു. മിഷ്ഫാക്ക് അവധിയ്ക്കായി നാട്ടിലേക്ക് പോയിരിക്കുകയാണ്.

നാലാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം യുഎഇയില്‍ നിന്നുള്ള മുഹമ്മദ് അല്‍ഷേഹി വാങ്ങിയ 108273 എന്ന ടിക്കറ്റ് നമ്പരിനാണ് ലഭിച്ചത്. 151521 എന്ന ടിക്കറ്റ് നമ്പരിലൂടെ പാകിസ്ഥാനില്‍ നിന്നുള്ള നജീബ് ഉല്ല അഞ്ചാം സമ്മാനമായ 90,000 ദിര്‍ഹം നേടി. ആറാം സമ്മാനമായ 80,000 ദിര്‍ഹം ലഭിച്ചത് ഇന്ത്യക്കാരനായ വിജയകുമാര്‍ ജയസിദ്ധയ്യനാണ്. 

ഫിലിപ്പീന്‍സ് സ്വദേശി മരിയ എലേന ബേനവിദേസിന് ഏഴാം സമ്മാനമായ 70,000 ദിര്‍ഹം ലഭിച്ചു. എട്ടാം സമ്മാനമായ 60,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായ സനില്‍കുമാര്‍ ജനാര്‍ദ്ധനാണ്.  ഡ്രീം കാര്‍ പ്രൊമോഷനില്‍ പങ്കെടുത്ത് പോര്‍ഷെ 718 സ്‌പൈഡര്‍ കാര്‍ നേടിയത് ഇന്ത്യക്കാരനായ കുട്ടുഭായ് ഹക്കിമുദ്ദീനഭായ് രാജന്‍പുര്‍വാലയാണ്. ഇദ്ദേഹം വാങ്ങിയ 009630 എന്ന ടിക്കറ്റിനാണ് ആംബര കാര്‍ സമ്മാനമായി ലഭിച്ചത്. നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് കൂടി സൗജന്യമായി ലഭിക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

Top