News Desk

2021-11-18 10:26:48 pm IST
കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട 'ഹലാല്‍ ശര്‍ക്കര' വിവാദത്തില്‍ പുത്തന്‍ വഴിത്തിരിവ്. മുസ്ലീം മാനേജ്മെന്റിന് കീഴിലുള്ള കമ്പനിയല്ല ശര്‍ക്കര പായ്ക്കറ്റുകള്‍ നിര്‍മിക്കുന്നതെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വെബ്സൈറ്റിലെ രേഖകള്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായ വര്‍ധന്‍ അഗ്രോ പ്രോസസിങ് ലിമിറ്റഡാണ് ശര്‍ക്കര പായ്ക്കറ്റുകള്‍ നിര്‍മിക്കുന്നത്. അതുമാത്രമല്ല, കമ്പനി ചെയര്‍മാന്‍ ധൈര്യശീല്‍ ധ്യാന്‍ദേവ് കദം മഹാരാഷ്ട്രയിലെ ശിവസേനാ നേതാവുമാണെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കരാട് നോര്‍ത്ത് മണ്ഡലത്തില്‍ ശിവസേനാ സ്ഥാനാര്‍ത്ഥിയായിരുന്നു ധ്യാന്‍ദേവ്. സതാര ജില്ലയിലെ മണ്ഡലത്തില്‍ എന്‍സിപിയുടെ ബാലാസാഹെബ് പന്‍ദുറങ് പാട്ടീലിനോടാണ് ഇദ്ദേഹം പരാജയപ്പെട്ടത്.

ധ്യാന്‍ദേവിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിറയെ ശിവസേനയുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ്. നവംബര്‍ 17ലെ താക്കറെ ഓര്‍മദിനത്തില്‍ വരെ ഇദ്ദേഹം അനുസ്മരണക്കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ഫേസ്ബുക്ക് പേജില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വിവിധ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

പത്തു വര്‍ഷമായി കൃഷി-അനുബന്ധ മേഖലയില്‍ സജീവമായ കമ്പനിയാണ് ധ്യാന്‍ദേവിന്റെ വര്‍ധന്‍ അഗ്രോ പ്രോസസിങ് ലിമിറ്റഡ്. സത്യശീല്‍ ധ്യാന്‍ദേവ് കദം, വിക്രംശീല്‍ ധ്യാന്‍ദേവ് കദം, ഗീതാഞ്ജലി സത്യശീല്‍ കദം, സുനിത ധൈര്യശീല്‍ കദം, തേജസ്വിനി വിക്രംശീല്‍ കദം എന്നിവരാണ് കമ്പനിയുടെ മറ്റു ഡയറക്ടര്‍മാര്‍.

സള്‍ഫറില്ലാത്ത പഞ്ചസാര ഉല്‍പ്പന്നങ്ങളാണ് കമ്പനിയുടെ ഹൈലൈറ്റ്. ശര്‍ക്കരയും അതിന്റെ പൊടിയും മറ്റുമായി വിവിധ പേരുകളില്‍ ഇവരുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലുണ്ട്. അതിലൊന്നാണ് ശബരിമലയില്‍ അരവണപ്പായസത്തിന് ഉപയോഗിക്കുന്ന ജാഗ്വരി പൗഡര്‍.

ഈ മേഖലയിലെ ഹോള്‍സെയില്‍ വമ്പന്മാരാണ് വര്‍ധന്‍ ആഗ്രോ പ്രൊസസിങ്. ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ പല വിദേശ രാജ്യങ്ങളിലേക്കും കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. അതുകൊണ്ടാണ് പായ്ക്കിങ്ങില്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് മുദ്രണം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശബരിമലയില്‍ അരവണ, അപ്പം നിര്‍മാണത്തിന് 'ഹലാല്‍ ശര്‍ക്കര' ഉപയോഗിച്ചുവെന്നായിരുന്നു സംഘപരിവാര്‍ ഉന്നയിച്ച ആരോപണം. അരവണ പ്രസാദത്തിന് പുറമെ ഉണ്ണിയപ്പം ഉണ്ടാക്കാനും ഇതേ ശര്‍ക്കരയാണ് ഉപയോഗിക്കുന്നത്.

ശബരിമലയില്‍ പോലും ഹലാല്‍ ശര്‍ക്കര ഉപയോഗിക്കേണ്ട ഗതികേടാണ് കേരളത്തിലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പ്രസ്താവന കൂടി വന്നതോടെ വിഷയം ബി.ജെ.പിയും ഏറ്റെടുത്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top