News Desk

2021-03-12 01:09:40 pm IST
ബംഗളൂരു: സൊമാറ്റോ ഡെലിവറി ബോയ് മര്‍ദിച്ചെന്ന യുവതിയുടെ പരാതിയില്‍ വന്‍ വഴിത്തിരിവ്. യുവതിയാണ് തന്നെ ആദ്യം മര്‍ദിച്ചത്, അധിക്ഷേപിച്ചത് എന്നുതുടങ്ങിയ ആരോപണങ്ങള്‍ ഡെലിവറി ബോയിയായ കാമരാജ് മാധ്യമങ്ങളോട് പറഞ്ഞു.

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിക്കാന്‍ വൈകിയതിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കാമരാജ് തന്റെ മൂക്കിന് ഇടിച്ച് ചോരവരുത്തിയെന്നായിരുന്നു കണ്ടന്റ് ക്രിയേറ്ററും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ഹിതേഷ ചന്ദ്രാനെ എന്ന യുവതിയുടെ പരാതി. മൂക്കില്‍നിന്ന് ചോരയൊലിച്ചുകൊണ്ട് യുവതി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 

'റോഡ് പണി നടക്കുന്നത് കാരണം പോകുന്ന വഴിയില്‍ വന്‍ ഗതാഗതക്കുരുക്കായിരുന്നു. അവരുടെ അപ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ക്കല്‍ എത്തിയ ശേഷം, വൈകിയതിന് ഞാന്‍ ആദ്യമേ ക്ഷമ ചോദിച്ചു. തുടര്‍ന്ന് ഭക്ഷണം കൈമാറി. കാഷ് ഓണ്‍ ഡെലിവറിയായിരുന്നു അവര്‍ തെരഞ്ഞെടുത്തത്. അതിനാല്‍ പണത്തിനായി കാത്തുനിന്നു. എന്നാല്‍, അവര്‍ തരാന്‍ കൂട്ടാക്കിയില്ല. എന്നുമാത്രമല്ല, എന്നോട് വളരെ പരുഷമായി സംസാരിച്ചു. അവര്‍ തന്നില്ലെങ്കില്‍ എന്റെ അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെടുമെന്നതിനാല്‍ പണം നല്‍കണമെന്ന് ഞാന്‍ അപേക്ഷിച്ചു. ഈ സമയത്ത്, എന്നെ 'അടിമ'യെന്ന് എന്ന് വിളിച്ച് അധിക്ഷേപിച്ചു. എന്നിട്ട് 'തനിക്കെന്ത് ചെയ്യാന്‍ കഴിയും' എന്നും ചോദിച്ചു. കാമരാജ് ദി ന്യൂസ് മിനിറ്റിനോട് പറഞ്ഞു.

അതിനിടെ അവരുടെ അഭ്യര്‍ഥന പ്രകാരം ഓര്‍ഡര്‍ റദ്ദാക്കിയതായി സോമാറ്റോയില്‍നിന്ന് എനിക്ക് അറിയിപ്പ് ലഭിച്ചു. തുടര്‍ന്ന് ഭക്ഷണം തിരികെ നല്‍കാന്‍ ഞാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ സഹകരിച്ചില്ല. ഒടുവില്‍ ക്ഷമകെട്ട് പോകാനൊരുങ്ങിയപ്പോള്‍ ഹിതേഷ ഹിന്ദിയില്‍ ആക്ഷേപം ചൊരിഞ്ഞു. തുടര്‍ന്ന് അപ്രതീക്ഷിതമായി ചെരിപ്പൂരി അടിക്കാന്‍ തുടങ്ങി. തടയാന്‍ ശ്രമിക്കുന്നതിനിടെ അവരുടെ മോതിരം അബദ്ധത്തില്‍ സ്വന്തം മൂക്കില്‍ തട്ടിയാണ് ചോര വന്നത് -കാമരാജ് വ്യക്തമാക്കി. 

രണ്ട് വര്‍ഷത്തിലേറെയായി ഈ ജോലി ചെയ്യുന്ന എനിക്ക് ഇത്തരത്തിലുള്ള അനുഭവം ആദ്യാമായിട്ടാണ്. ചൊവ്വാഴ്ച നടന്ന സംഭവം ബുധനാഴ്ച ഹിതേഷയാണ് സോഷ്യല്‍ മീഡിയ വഴി പുറംലോകത്തെത്തിച്ചത്. സൊമാറ്റോ ഡെലിവറി ബോയ് തന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിച്ചുവെന്നായിരുന്നു ഹിതേഷ ചന്ദ്രാനിയുടെ ആരോപണം. വൈകീട്ട് 3.30 നാണ് സൊമാറ്റോയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. 4.30 കഴിഞ്ഞിട്ടും എത്തിയില്ല. ഇതോടെ സൊമാറ്റോ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ട് ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യാനോ അതല്ലെങ്കില്‍ തുക തിരിച്ചുനല്‍കാനോ ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഭക്ഷണവുമായി ഡെലിവറി ബോയ് എത്തി. വൈകിയതിനാല്‍ ഓര്‍ഡര്‍ വേണ്ടെന്നും കസ്റ്റമര്‍ കെയറുമായി സംസാരിക്കുകയാണെന്നും അറിയിച്ചെങ്കിലും തിരിച്ചുപോകാതെ ബലമായി വാതില്‍ തുറന്നു. അകത്ത് കയറാന്‍ യുവാവ് ശ്രമിച്ചപ്പോഴാണ് താന്‍ ചെരുപ്പുകൊണ്ട് അടിക്കാന്‍ തുനിഞ്ഞതെന്നും അപ്പോള്‍ യുവാവ് മുഖത്ത് ഇടിക്കുകയായിരുന്നുവെന്നുമായിരുന്നു ഹിതേഷയുടെ വെളിപ്പെടുത്തല്‍. സംഭവത്തെ തുടര്‍ന്ന് കാമരാജിനെ ജോലിയില്‍നിന്ന് സൊമാറ്റോ പുറത്താക്കിയിരുന്നു. യുവതിയുടെ പരാതിയില്‍ ഇലക്ട്രോണിക് സിറ്റി പൊലീസ് കേസെടുക്കുകയും കമാരാജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top