News Desk

2021-03-24 05:21:46 pm IST
പട്ന: പൊലീസിന് അമിതാധികാരം നല്‍കുന്ന നിയമത്തിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ നേരിടാന്‍ ബിഹാര്‍ നിയമ സഭയില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ പൊലീസിനെ ഏര്‍പ്പിച്ചു. ചൊവ്വാഴ്ച നിയമസഭക്കകത്ത് കയറി നിരങ്ങിയ പൊലീസുകാര്‍ എം.എല്‍.എമാരെ മര്‍ദിക്കുകയും നിലത്തിട്ട് വലിച്ചിഴക്കുകയും വസ്ത്രാക്ഷേപം നടത്തുകയും ചെയ്തു. ഇന്ത്യന്‍ ജനാധിപത്യത്തിലെ കരിദിനമായി ഈ ദിവസം ഓര്‍മിക്കപ്പെടുമെന്ന് പൊലീസ് അതിക്രമത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥര്‍ എം.എല്‍.എമാരെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കഴിഞ്ഞു. ഈ അക്രമങ്ങളില്‍ രണ്ടു വനിതാ അംഗങ്ങള്‍ അടക്കം പന്ത്രണ്ടു നിയമസഭംഗങ്ങള്‍ പരിക്കേറ്റ് ചികിത്സ തേടിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. നിയമസഭയിലേക്ക് പൊലീസിനെ ക്ഷണിച്ചുവരുത്തിയത് ബീഹാറിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ ജനാധിപത്യ രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യമായാണെന്ന് തേജസ്വി യാദവ് പറഞ്ഞു. പൊലീസ് സൂപ്രണ്ടും ജില്ലാ മജിസ്ട്രേട്ടും നേരിട്ടാണ് നിയമസഭംഗങ്ങളെ മര്‍ദിക്കാന്‍ നേതൃത്വം നല്‍കിയത്. എം.എല്‍.എമാരെ വലിച്ചിഴച്ച് കഴുത്തിന് കുത്തിപ്പിടിച്ച് സഭക്ക് പുറത്താക്കി. പട്ടിക ജാതിക്കാരിയായ നിയമസഭംഗം അനിതാ ദേവിയെ മുടിക്ക് കുത്തിപ്പിടിച്ച് സാരി വലിച്ചഴിച്ച് നിലത്തുകൂടി വലിച്ചിഴച്ചാണ് പുറത്താക്കിയത്. ഇന്ത്യന്‍ ജനാധിപത്യത്തിലെ ഒരു കരിദിനമായി ഈ ദിവസം ഓര്‍മിക്കപ്പെടും, തേജസ്വി യാദവ് പറഞ്ഞു.കഴിഞ്ഞ കുറെ ദിവസങ്ങളായി സഭയ്ക്കുള്ളില്‍ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ ഉരസലുകള്‍ നടക്കുന്നുണ്ട് എങ്കിലും, ഇന്ന് രംഗങ്ങള്‍ ഇത്രകണ്ട് വഷളാകാനുള്ള കാരണം, ബിഹാര്‍ സ്പെഷ്യല്‍ ആംഡ് പൊലീസ് ബില്‍ -2021 എന്ന പേരില്‍ പുതിയൊരു നിയമം സഭ പാസ്സാക്കാന്‍ ശ്രമിച്ചതാണ്. ഈ നിയമം പാസ്സാക്കപ്പെടുന്നതോടെ വിശേഷിച്ച് ഒരു കോടതി വാറണ്ടും കൂടാതെ, കേവലം സംശയത്തിന്റെ പുറത്ത് പൊലീസിന് ആരെയും പിടിച്ച് അകത്തിടാനുള്ള സവിശേഷ അധികാരങ്ങള്‍ കൈവരും എന്നും, അതിന്റെ വ്യാപകമായ ദുരുപയോഗത്തിനു സാധ്യതയുണ്ട് എന്നും ആരോപിച്ചുകൊണ്ടാണ് പ്രതിപക്ഷം ഇതിനെ എതിര്‍ത്തുകൊണ്ട് സഭാതലത്തിലേക്കിറങ്ങിയത്. എന്നാല്‍, ഈ നിയമം സായുധ പൊലീസിന് മാത്രം ബാധകമായതാണ് എന്നും ക്രമസമാധാന പാലനത്തെയോ, ദൈനംദിന പൊലീസിങ്ങിനെയോ ഒന്നും സംബന്ധിക്കുന്നതല്ല എന്നുമാണ് ഭരണപക്ഷത്തിന്റെ വാദം. ഇങ്ങനെ ഒരു കരിനിയമം പാസ്സാക്കി സംസ്ഥാനത്തെ പൊലീസിനെ തങ്ങളുടെ സ്വകാര്യ ഗുണ്ടാ സംഘമാക്കി മാറ്റാനാണ് ഭരണപക്ഷം ശ്രമിക്കുന്നത് എന്ന് തേജസ്വി യാദവ് ബിബിസിയോട് പറഞ്ഞു. 'ഹിറ്റ്‌ലറുടെ മനോനിലയാണ് ഇപ്പോള്‍ നിതീഷ് കുമാറിനുള്ളത്. ഈ നിയമം നിലവില്‍ വന്നാല്‍ പൊലീസ് അവരുടെ പരിധിവിട്ട് പെരുമാറും എന്നും അത് പൊതുജനഹിതത്തിന് എതിരാണ് എന്നും പറഞ്ഞുകൊണ്ടാണ് ഞങ്ങള്‍ പ്രതിഷേധിച്ചത്. അതേ ഞങ്ങള്‍ക്ക് നേരെ പൊലീസുകാരെ കയറൂരി വിട്ടുകൊണ്ട് ഏറെക്കുറെ ഞങ്ങളുടെ വാദം ശരിവെക്കുകയാണ് അവര്‍ ഇപ്പോള്‍ ചെയ്തിട്ടുള്ളത്' തേജസ്വി പറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകTop