News Desk

2021-03-31 06:15:59 pm IST

ന്യൂയോര്‍ക്ക്: 12 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികളില്‍ ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിന്‍ സുരക്ഷിതമാണെന്ന് തെളിഞ്ഞു. ഇതോടെ ഫൈസര്‍ വാക്‌സിന്‍ വിതരണം ചെയ്യുന്ന രാജ്യങ്ങളില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാം. 

ലോകത്ത് നിലവില്‍ പുറത്തിറങ്ങുന്ന മിക്ക വാക്‌സിനുകളും മുതിര്‍ന്നവരെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. എന്നാല്‍ ഫൈസര്‍ വാക്‌സിന് 16 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ അനുമതിയുണ്ടായിരുന്നു. 

എല്ലാ പ്രായത്തിലുമുള്ള കുട്ടികളിലേയ്ക്കും കൊവിഡ് വാക്‌സിന്‍ എത്തിക്കുന്നത് രോഗവ്യാപനം പിടിച്ചു കെട്ടാനും സ്‌കൂളുകള്‍ വീണ്ടും തുറക്കാനും അത്യാവശ്യമാണ്. എന്നാല്‍ ഇന്ത്യയില്‍ ഇതുവരെ ഫൈസര്‍ വാക്‌സിന്‍ ലഭ്യമായിട്ടില്ല.

12 വയസ്സ് മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള യു.എസിലെ 2260 വോളണ്ടിയര്‍മാരിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. വാക്‌സിന്‍ കുത്തിവെച്ചവരില്‍ ആര്‍ക്കും കൊവിഡ് 19 സ്ഥിരീകരിക്കാനായില്ല. യുവാക്കളെ അപേക്ഷിച്ച് കൗമാരക്കാരില്‍ കൊവിഡ് 19 പ്രതിരോധ ആന്റിബോഡികള്‍ കൂടുതലായി കാണുന്നുണ്ടെന്നാണ് പഠനത്തില്‍ വ്യക്തമായിട്ടുള്ളത്. ഈ പഠനഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. 

ദീര്‍ഘകാലാടിസ്ഥാനത്തില്‍ വാക്‌സിന്റെ ഫലപ്രാപ്തി കണ്ടെത്താനായി വോളണ്ടിയര്‍മാരെ രണ്ട് വര്‍ഷത്തോളം നിരീക്ഷിക്കും. ക്ലിനിക്കല്‍ പരീക്ഷണം കഴിഞ്ഞ സാഹചര്യത്തില്‍ തങ്ങളുടെ വാക്‌സിന്‍ 12 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ നല്‍കാന്‍ അനുമതി നല്‍കണമെന്ന് ഫൈസറും പങ്കാളികളായ ബയോഎന്‍ടെക്കും യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. 

അടുത്ത വര്‍ഷം സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് തന്നെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ഫൈസറിനു പുറമെ മൊഡേണ വാക്‌സിനും 12-17 വയസ്സുകാര്‍ക്കിടയില്‍ ക്ലിനിക്കല്‍ പീരക്ഷണം നടത്തുന്നുണ്ട്. 

ഇന്ത്യയില്‍ വിതരണം ചെയ്യുന്ന ആസ്ട്രസെനക്ക വാക്‌സിനും (കൊവിഷീല്‍ഡ്) ആറു മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികളില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തി വരികയാണ്. യു.കെയിലാണ് പരീക്ഷണം. ജോണ്‍സണ്‍ ആന്റ് ജോണ്‍സനും സമാനമായ പരീക്ഷണം നടത്തുന്നുണ്ട്. മൂന്ന് വയസ്സ് മുതലുള്ള കട്ടികളില്‍ വാക്‌സിന്‍ ഫലപ്രദമാണെന്ന് കാണിച്ച് ചൈനീസ് കമ്പനിയായ സിനോഫാമും സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top