News Desk

2021-03-07 04:33:45 pm IST

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്‌ഫോടക വസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട കാറിന്റെ ഉടമ മന്‍സുഖ് ഹിരണ്‍ മരിക്കുന്നതിനു മുമ്പ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അയച്ച കത്ത് പുറത്ത്. അന്വേഷണ ഉദ്യോഗസ്ഥരെയും സര്‍ക്കാരിനെയും ഒരു പോലെ പ്രതിരോധത്തിലാക്കുന്ന കത്തില്‍ പൊലീസ് പീഡിപ്പിച്ചെന്ന് കാര്‍ ഉടമ ആരോപിക്കുന്നു. 

താനെ സ്വദേശിയായ സ്‌പെയര്‍ പാര്‍ട്‌സ് വ്യാപാരി മന്‍സുഖ് ഹിരണിനെ (45) കഴിഞ്ഞ ദിവസം കടലിടുക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍, കാറിന്റെ യഥാര്‍ഥ ഉടമ മന്‍സുഖ് അല്ലെന്നും ഇന്റീരിയര്‍ ജോലികള്‍ക്കായി ഉടമ അദ്ദേഹത്തെ ഏല്‍പിച്ചതാണെന്നും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് വെളിപ്പെടുത്തിയതോടെയാണ് കേസില്‍ ദുരൂഹതയേറിയത്. 

ഇതിനു തൊട്ടുപിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് മന്‍സുഖ് അയച്ച കത്ത് പുറത്തു വന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. ദേശീയ അന്വേഷണ ഏജന്‍സിയ്ക്കും മാധ്യമങ്ങള്‍ക്കും എതിരെ അതിഗുരുതരമായ ആരോപണങ്ങളാണ് കത്തില്‍ മന്‍സുഖ് ഉന്നയിച്ചിരിക്കുന്നത്.

'അന്വേഷണ ഏജന്‍സികള്‍ ആറു തവണയാണ് എന്നെ ചോദ്യം ചെയ്തത്. കാര്‍ മോഷ്ടിക്കപ്പെട്ടതാണെന്ന് പല തവണ വ്യക്തമാക്കിയതാണ്. കേസില്‍ ഇരയായ തന്നെ ആരോപണ വിധേയനായിട്ടാണ് പൊലീസും മാധ്യമങ്ങളും പരിഗണിച്ചത്. മാധ്യമങ്ങള്‍ എന്നെ വിടാതെ പിന്തുടരുന്നു. ടി.വി ചാനലുകളില്‍ നിന്നുള്ള ഇടതടവില്ലാത്ത ഫോണ്‍ വിളികളില്‍ മനം മടുത്തിരിക്കുന്നു. പല തവണ പൊലീസ് പീഡനത്തിനെതിരെ പരാതി നല്‍കിയിട്ടും അധികൃതര്‍ ഗൗനിക്കുന്നില്ല.', കത്തില്‍ പറയുന്നു.

അതേസമയം, മന്‍സുഖിന്റെ മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. മാര്‍ച്ച് രണ്ടാം തീയതിയാണ് പൊലീസ് പീഡനത്തില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്, മുംബൈ പൊലീസ് കമ്മിഷണര്‍ എന്നിവര്‍ക്കു മന്‍സുഖ് കത്തയച്ചത്.  

കഴിഞ്ഞമാസം 25-നു രാത്രിയാണ് 20 ജലറ്റിന്‍ സ്റ്റിക്കുകളും അംബാനിക്കെതിരെ ഭീഷണിക്കത്തും സഹിതം കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന്, മോഷണം പോയ തന്റെ കാറാണിതെന്ന് അറിയിച്ച് മന്‍സുഖ് രംഗത്തെത്തി. കാര്‍ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയതിന്റെ രേഖയും ഹാജരാക്കി.

പ്രധാന സാക്ഷിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം എന്‍.ഐ.എയ്ക്കു കൈമാറണമെന്നും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ആവശ്യപ്പെട്ടതോടെ സംഭവം ചൂടുപിടിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസുമായുള്ള മന്‍സുകിന്റെ ബന്ധം സംശയകരമാണെന്നും ഫഡ്‌നാവിസ് ആരോപിച്ചിരുന്നു. 

എന്നാല്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ആരോപണം മുംബൈ പൊലീസ് തള്ളി. സച്ചിന്‍ വാസ് അല്ല സംഭവ സ്ഥലത്ത് ആദ്യം എത്തിയതെന്ന് പൊലീസ് വിശദീകരിക്കുന്നു. മന്‍സുഖ് ഹിരണുമായി അടുത്ത ബന്ധം ഉണ്ടെന്ന ആരോപണം വാസ് പൂര്‍ണമായും തള്ളാത്തത് പൊലീസിനെയും സര്‍ക്കാരിനെയും ഒരു പോലെ പ്രതിരോധത്തിലാക്കി. മന്‍സുഖിനെ ഓര്‍ക്കുന്നില്ലെന്നും നേരിട്ട് കണ്ട് സംസാരിച്ചുണ്ടാകാമെന്നും ഉറപ്പില്ലെന്നുമായിരുന്നു വാസിന്റെ പ്രതികരണം. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top