News Desk

2021-02-28 11:56:05 am IST


തിരുവനന്തപുരം: മുസ്‌ലിം ലീഗിനെ ചൊല്ലി ബി.ജെ.പിയില്‍ തര്‍ക്കം രൂക്ഷമാകുന്നു. ദേശീയ നിര്‍വാഹക സമിതി അംഗം ശോഭാ സുരേന്ദ്രന്‍ ലീഗിനെ ബി.ജെ.പിയിലേയ്ക്ക് ക്ഷണിച്ചതാണ് പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് മുറുകാന്‍ കാരണം. 

ശോഭാ സുരേന്ദ്രന്‍ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയാണിപ്പോള്‍. ശോഭയെ പിന്തുണച്ച് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെ രംഗത്തെത്തി. ലീഗിനെ ക്ഷണിച്ച ശോഭാ സുരേന്ദ്രന്‍ ശനിയാഴ്ച വിജയയാത്ര വേദിയിലും അത് ആവര്‍ത്തിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. 

താന്‍ പറഞ്ഞത് ബി.ജെ.പി നിലപാടാണെന്നാണ് വിജയയാത്രയുടെ വേദിയില്‍ ശോഭ ആവര്‍ത്തിച്ചത്. വര്‍ഗീയ നിലപാട് തിരുത്തി നരേന്ദ്ര മോദിയുടെ നയങ്ങള്‍ സ്വീകാര്യമെന്ന് പറഞ്ഞാല്‍ ലീഗിനെയും ഉള്‍ക്കൊള്ളാനുള്ള ദര്‍ശനമാണ് ബി.ജെ.പിയുടെ മുഖമുദ്രയെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ ലീഗിനെ ഉള്‍ക്കൊള്ളുന്ന കാര്യം സുരേന്ദ്രന്‍ തള്ളിയിരുന്നു. ലീഗ് രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയകക്ഷിയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ആര്‍ക്ക് മുന്നിലും ബി.ജെ.പി വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്നു പറഞ്ഞ് കുമ്മനം വന്നതോടെ സുരേന്ദ്രന്‍ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. 

ലീഗിലുള്ളവര്‍ക്ക് പാര്‍ട്ടി വിട്ട് ബി.ജെ.പിയിലേക്ക് വരാം. ലീഗ് അവരുടെ നയം പൂര്‍ണമായി ഉപേക്ഷിച്ച് വരുന്നെങ്കില്‍ സ്വാഗതം. മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്ക് അംഗത്വം കൊടുക്കുക പോലും ചെയ്യാത്ത പാര്‍ട്ടി മതേതര പാര്‍ട്ടിയാകുന്നതെങ്ങനെയെന്നും സുരേന്ദ്രന്‍ ചോദിച്ചു. നേതൃത്വത്തിന്റെ മുസ്‌ലിം വിരുദ്ധ നിലപാടില്‍ ബി.ജെ.പിക്കുള്ളില്‍ അതൃപ്തിയുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top