News Desk

2021-05-08 01:07:55 pm IST
ലഖ്‌നൗ: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ രോഗത്തെ പ്രതിരോധിക്കാന്‍ ഗോമൂത്രം കുടിക്കാന്‍ ആഹ്വാനം ചെയ്ത് ഉത്തര്‍ പ്രദേശ് ബി.ജെ.പി എം.എല്‍.എ. ഉത്തര്‍ പ്രദേശിലെ ബല്ലിയ ജില്ലയിലെ ബൈരിയ നിയോജക മണ്ഡലത്തിലെ എം.എല്‍.എയായ സുരേന്ദ്ര സിങ്ങാണ് ഇക്കാര്യം പറഞ്ഞത്. ഗോമൂത്രം എങ്ങനെ കുടിക്കണമെന്ന് സ്വയം കാണിച്ചു തരുന്ന സുരേന്ദ്ര സിങ്ങിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. 

കൊവിഡിനെ പിടിച്ചുകെട്ടാന്‍ ഗോമൂത്രത്തിന് കഴിയമെന്നാണ് സുരേന്ദ്ര സിങ്ങ് പറയുന്നത്. ദിവസവും 18 മണിക്കൂര്‍ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന താന്‍ ഊര്‍ജസ്വലനായി ഇരിക്കുന്നതിന്റെ രഹസ്യം ഗോമൂത്രമാണെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് ഇത് കുടിക്കേണ്ടതെന്നും സുരേന്ദ്ര സിങ് വിശദീകരിക്കുന്നുണ്ട്. 

രാവിലെ വെറും വയറ്റില്‍ രണ്ടോ മൂന്നോ സ്പൂണ്‍ ഗോമൂത്രം വെള്ളം ചേര്‍ത്ത് കുടിക്കണമെന്നാണ് സുരേന്ദ്ര സിങ് പറയുന്നത്. അരമണിക്കൂര്‍ വേറൊന്നും കഴിക്കല്ലെന്നും അദ്ദേഹം പറയുന്നു. കൊവിഡിനെ മാത്രമല്ല മിക്ക രോഗങ്ങളെയും പ്രത്യേകിച്ച് ഹൃദ്രോഗങ്ങളെ ചെറുക്കാന്‍ ഗോമൂത്രത്തിന് കഴിയുമെന്നാണ് സുരേന്ദ്രയുടെ കണ്ടെത്തല്‍. 

തന്റെ വീഡിയോ ലോകം മുഴുവന്‍ പ്രചിരിപ്പിച്ച് എല്ലാവരും കൊവിഡില്‍നിന്നു മുക്തി നേടണമെന്നും എം.എല്‍.എ പറയുന്നുണ്ട്. സയന്‍സില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും താന്‍ ഗോമൂത്രത്തില്‍ വിശ്വസിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഹൃദയസംബന്ധിയായ അസുഖങ്ങള്‍ക്ക് ഗോമൂത്രം പ്രതിവിധിയാണെന്നും എം.എല്‍.എ വാദിക്കുന്നു. അതേസമയം, എം.എല്‍.എയുടെ വീഡിയോയെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top