News Desk

2021-03-24 04:53:54 pm IST

തിരുവനന്തപുരം: ശബരിമലയിലും ലൗ ജിഹാദിനെതിരെയും നിയമ നിര്‍മാണം വാഗ്ദാനം ചെയ്ത് എന്‍.ഡി.എയുടെ പ്രകടന പത്രിക. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് പത്രിക പ്രകാശനം ചെയ്തത്. 

ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ആറ് സിലിണ്ടറുകള്‍ സൗജന്യമായി നല്‍കും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ് നല്‍കും തുടങ്ങിയ പ്രഖ്യാപനങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എല്ലാ കുടുംബത്തിലും ഒരാള്‍ക്കെങ്കിലും ജോലി, ഭീകരവാദ മുക്ത കേരളം, പട്ടിണിരഹിത കേരളം, എസ്.സി-എസ്.ടി വിഭാഗത്തില്‍പ്പെട്ട എല്ലാ ഭൂരഹിതര്‍ക്കും അഞ്ചേക്കര്‍ ഭൂമി, പെന്‍ഷന്‍ പ്രായം ഏകീകരിക്കും, എല്ലാവര്‍ക്കും വീട്-കുടിവെള്ളം-വൈദ്യുതി, സാമൂഹിക ക്ഷേമപെന്‍ഷന്‍ 3500 രൂപയാക്കും, കൂടാതെ സ്വതന്ത്രവും ഭക്തജനനിയന്ത്രിതവും കക്ഷിരാഷ്ട്രീയ വിമുക്തവുമായ ക്ഷേത്ര ഭരണവ്യവസ്ഥ തുടങ്ങിയവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍.

ഇത്തവണ ഇ.ശ്രീധരനെ മുന്നില്‍ നിര്‍ത്തിയാണ് ബി.ജെ.പിയുടെ പ്രചാരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. എല്‍.ഡി.എഫിനേയും യു.ഡി.എഫിനേയും ഒഴിവാക്കി ഇക്കുറി ബി.ജെ.പിയെ തെരഞ്ഞെടുക്കണം. ബി.ജെ.പിക്ക് മാത്രമേ കേരളത്തെ രക്ഷിക്കാന്‍ സാധിക്കുവെന്നും അമിത് ഷാ പറഞ്ഞു.

ആര്‍.എസ്.എസ് നേതാവ് ബാലശങ്കറിന്റെ സി.പി.ഐ.എം-ബി.ജെ.പി ഡീല്‍ വെളിപ്പെടുത്തലിനെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റേത് താല്‍ക്കാലികമായി ഉണ്ടായ ഒരു വൈകാരിക പ്രകടനം മാത്രമായിരുന്നുവെന്ന് ജാവഡേക്കര്‍ പറഞ്ഞു. പാര്‍ട്ടിയും ബാലശങ്കറും തമ്മില്‍ യാതൊരു പ്രശ്നവുമില്ലെന്നും ജാവഡേക്കര്‍ കൂട്ടിച്ചേര്‍ത്തു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top