News Desk

2021-03-11 10:38:45 pm IST
തിരുവനന്തപുരം: നേമത്ത് മത്സരത്തിനായി ഉമ്മന്‍ചാണ്ടിയല്ല, പിണറായിയോ രാഹുലോ വന്നാലും നേമം ബി.ജെ.പി തന്നെ നേടുമെന്ന് അവകാശവാദവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മത്സരത്തിനായി ഉമ്മന്‍ചാണ്ടിയേയും പിണറായിയേയും നേമത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി തന്നെ വന്ന് മത്സരിച്ചാലും നേമത്ത് ബി.ജെ.പി ജയിക്കും. ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ ആദ്യമായി ബി.ജെ.പി വിജയിക്കുന്നത് 2016 ലെ തെരഞ്ഞെടുപ്പിലാണ്. 

അന്ന് ഒ. രാജഗോപാലായിരുന്നു സ്ഥാനാര്‍ത്ഥി. നേമത്ത് മാത്രമായിരുന്നു ബി.ജെ.പിയ്ക്ക് ജയിക്കാനായതും. നേരത്തെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

അതേസമയം, ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക പൂര്‍ത്തിയായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് സി.കെ പദ്മനാഭന്‍ മത്സരിച്ചേക്കും.

ഹരിപ്പാട് ബി. ഗോപാലകൃഷ്ണനും അമ്പലപ്പുഴയില്‍ സന്ദീപ് വാചസ്പതിയും സ്ഥാനാര്‍ത്ഥിയായേക്കും. സന്ദീപ് വാര്യര്‍ കൊട്ടാരക്കരയിലായിരിക്കും മത്സരിക്കുക. അതേസമയം, കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ മത്സരിച്ചേക്കില്ല.

നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി മത്സരിക്കണമെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മത്സരിക്കുന്നതില്‍ സുരേഷ് ഗോപി അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

എന്നാല്‍ നിര്‍ബന്ധമാണെങ്കില്‍ ഗുരുവായൂരില്‍ മത്സരിക്കാമെന്ന് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. എ പ്ലസ് മണ്ഡലം തന്നെ സുരേഷ് ഗോപിയ്ക്ക് നല്‍കണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top