News Desk

2021-05-03 02:36:15 pm IST

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുണ്ടായിരുന്ന ഒരു സീറ്റും നഷ്ടപ്പെട്ട് തിരിച്ചടി നേരിട്ടിരിക്കുകയാണ് ബി.ജെ.പി. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ട് ശതമാനവും കുറഞ്ഞു എന്നാണ് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയ്ക്ക് ഇത്തവണ 12.4 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചതെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. ബി.ജെ.പി, ബി.ഡി.ജെ.എസ്, എ.ഐ.എ.ഡി.എം.കെ എന്നിവയടക്കമുള്ള മുന്നണിക്ക് കിട്ടിയ വോട്ടിന്റെ ഏകദേശ കണക്കാണിത്. നേരിയ വ്യത്യാസം ഈ കണക്കില്‍ ഉണ്ടായാലും ഇത്തവണ ബി.ജെ.പിക്ക് വന്‍തോതിലുള്ള വോട്ട് ചോര്‍ച്ച ഉണ്ടായതായി വേണം മനസ്സിലാക്കാന്‍.

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 15 ശതമാനമായിരുന്നു എന്‍.ഡി.എക്ക് ലഭിച്ച വോട്ട് വിഹിതം. 2016-ല്‍ ലഭിച്ച വോട്ടില്‍നിന്ന് ഏകദേശം 2.6 ശതമാനത്തിന്റെ ചോര്‍ച്ചയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 

2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 15.64 ശതമാനമായിരുന്നു എന്‍.ഡി.എയ്ക്ക് ലഭിച്ച വോട്ട്. 2020-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രന്‍മാരുടേത് അടക്കം വോട്ട് ശതമാനം 16.5-ന് മുകളിലെത്തി. ഈ നിലയില്‍നിന്നാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 12.4 ശതമാനത്തിലേക്ക് എന്‍.ഡി.എ കൂപ്പുകുത്തിയിരിക്കുന്നത്.

അതേസമയം, നേമം, പാലക്കാട്, മഞ്ചേശ്വരം, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, മലമ്പുഴ, കാസര്‍ക്കോട്, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് എന്നീ ഒമ്പത് മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് രണ്ടാം സ്ഥാനത്ത് വരാനായി. എന്നാല്‍ വിജയം പ്രതീക്ഷിച്ചിരുന്ന തൃശ്ശൂര്‍, കോന്നി എന്നിവിടങ്ങളില്‍ മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top