News Desk

2021-06-03 10:33:44 am IST

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരിയിലെ എന്‍.ഡി.എയുടെ പ്രചാരണത്തിന് ഒന്നേകാല്‍ കോടി രൂപയെത്തിച്ചതായി റിപ്പോര്‍ട്ട്. കാസര്‍കോട് നിന്നാണ് മാര്‍ച്ച് 24-ന് പണം എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

ബി.ജെ.പിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച എക്സല്‍ ഷീറ്റില്‍ മാര്‍ച്ച് 20ന് മംഗലാപുരം യാത്രക്ക് 30,000 രൂപ ചെലവായതായി രേഖപ്പെടുത്തിയിട്ടുണ്ട്. ബത്തേരിയിലെ എന്‍.ഡി.എയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ എങ്ങനെ ഒരു മംഗലാപുരം യാത്ര വരുന്നു എന്നുളളതാണ് ചോദ്യം. എന്നാല്‍ ഇത് മംഗലാപുരത്തേക്കായിരുന്നില്ല കാസര്‍കോട്ടേക്ക് ആയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

രണ്ടു ജില്ലാ നേതാക്കള്‍ രണ്ടുകാറുകളിലായിട്ടാണ് യാത്ര നടത്തിയത്. പ്രചാരണത്തിന് ഉപയോഗിച്ച വാഹനം തന്നെയാണ് ഇതിനായി ഉപയോഗിച്ചത്. കാസര്‍കോട് ബി.ജെ.പി ഓഫീസിലെത്തിയ ഇവര്‍ അവിടെ നിന്ന് 50 ലക്ഷം രൂപയുമായി മടങ്ങി എന്നാണ് വിവരം. ഇതില്‍ 25 ലക്ഷം രൂപ തെരഞ്ഞെടുപ്പ് ചെലവിനായി സ്ഥാനാര്‍ഥിക്ക് കൈമാറി. ബാക്കി പണം ചെലവഴിച്ചത് ബി.ജെ.പി തന്നെയാണ്. എന്നാല്‍ പണം ചെലവഴിക്കുന്നതില്‍ ഒന്നോ രണ്ടോ നേതാക്കള്‍ക്ക് മാത്രമാണ് ചുമതല നല്‍കിയിരുന്നത്.

അതേസമയം കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പിയുടെ മധ്യമേഖലാ സംഘടനാ സെക്രട്ടറിയായ എ.എല്‍ പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും. പണം ആലപ്പുഴ ജില്ലയിലേക്ക് വേണ്ടിയാണെന്ന ധര്‍മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. 

ബി.ജെ.പിയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേതാവാണ് എല്‍. പത്മകുമാര്‍. കുഴല്‍പ്പണക്കേസ് പ്രതികളുമായി ബന്ധമുള്ളവരേയും ഇന്ന് ചോദ്യം ചെയ്യും. കുഴല്‍പ്പണം കൊണ്ടുപോയത് ആലപ്പുഴ ബി.ജെ.പി ഭാരവാഹികള്‍ക്ക് നല്‍കാനെന്ന് പൊലീസ് കണ്ടെത്തല്‍. 

ധര്‍മ്മ രാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. തൃശ്ശൂര്‍ ജില്ലാ പ്രസഡിന്റ് കെ.കെ അനീഷ് അടക്കമുള്ള ബി.ജെ.പി നേതാക്കളെ നേരത്തെ ചോദ്യം ചെയ്തിരുന്നു. കുഴല്‍പ്പണവുമായി ബി.ജെ.പിക്ക് പങ്കില്ലെന്നും പണം ബി.ജെ.പിയുടേതല്ലെന്നും അനീഷ് പറഞ്ഞു. ധര്‍മ്മരാജ് മുറിയെടുത്ത് നല്‍കിയെന്ന് സമ്മതിച്ച അനീഷ പക്ഷേ പണം ഉള്ളതായി അറിയില്ലായിരുന്നുവെന്നാണ് പറയുന്നത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top