News Desk

2021-09-21 07:23:54 pm IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ ബി.ജെ.പി പുറത്തിറക്കിയ വിഡിയോ വിവാദത്തില്‍. മോദിയുടെ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ടുള്ള വിഡിയോയില്‍ അമേരിക്കന്‍ നഗരം ലോസ് ആഞ്ചലെസിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടതാണ് വിവാദമായിരിക്കുന്നത്.

ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും പങ്കുവെച്ച വിഡിയോയിലാണ് 'അബദ്ധം' കയറിക്കൂടിയത്. രണ്ട് മിനിറ്റ് 42 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ രണ്ടു മിനിറ്റ് 23 സെക്കന്‍ഡിലാണ് ലോസ് ആഞ്ചലെസ് നഗരത്തിന്റെ ചിത്രം ഇടം പിടിച്ചത്. ബ്രിട്ടീഷ് സ്‌റ്റോക് ഫോട്ടോ ഏജന്‍സിയായ അലാമിക്കായി പകര്‍ത്തിയ ചിത്രമാണിത്.

പ്രസ്തുത ദൃശ്യങ്ങള്‍ മറ്റു വീഡിയോകളിലും വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. വിഡിയോയില്‍ മോദിയെ വലിയ പരിഷ്‌കര്‍ത്താവും ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ വികസിപ്പിച്ച വ്യക്തിയുമായാണ് അവതരിപ്പിക്കുന്നത്.

അടുത്തിടെ യു.പി സര്‍ക്കാറിന്റെ വികസന സപ്ലിമെന്റില്‍ ബംഗാളിലെ മേല്‍പ്പാലത്തിന്റെ ചിത്രം ഉള്‍പ്പെട്ട സംഭവം ഏറെ വിവാദമായിരുന്നു. ഒടുവില്‍ തെറ്റുപറ്റിയത് തങ്ങള്‍ക്കാണെന്ന് സമ്മതിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് രംഗത്തെത്തിയതോടെയാണ് വിവാദം ഒരുവിധം കെട്ടടങ്ങിയത്. പത്രത്തിന്റെ വാരാന്ത്യപതിപ്പായ സണ്‍ഡേ എക്‌സ്പ്രസിലാണ് യു.പി സര്‍ക്കാറിന്റെ മൂന്ന് പേജ് മുഴുനീള പരസ്യം പ്രസിദ്ധീകരിച്ചത്.






കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top