News Desk

2021-03-29 05:34:19 pm IST

കണ്ണൂര്‍: തലശ്ശേരിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിനെ ബി.ജെ.പി പിന്തുണയ്ക്കും. നസീര്‍ പിന്തുണ അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് ബി.ജെ.പിയുടെ തീരുമാനം. ബി.ജെ.പി വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് നസീര്‍ പ്രതികരിച്ചു. 

'ബി.ജെ.പി പ്രവര്‍ത്തകരുടെ വോട്ട് വേണ്ട എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. തലശ്ശേരിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനാല്‍ പാര്‍ട്ടിയുടെ വോട്ട് അഭ്യര്‍ത്ഥിക്കുന്നു. ബി.ജെ.പി നേതാക്കളുമായി സംസാരിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നുമായിരുന്നു' നസീര്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് നസീറിനെ പിന്തുണയ്ക്കുമെന്ന് ബി.ജെ.പി വ്യക്തമാക്കിയത്.

തലശ്ശേരിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി എന്‍ ഹരിദാസിന്റെ നാമനിര്‍ദേശ പത്രികയിലെ ഫോം എയില്‍ ദേശീയ പ്രസിഡന്റിന്റെ ഒപ്പ് ഇല്ലാഞ്ഞതിനാലാണ് പത്രിക തള്ളിയത്. ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രികയും ഇതേ പിഴവ് കാരണം സ്വീകരിച്ചിരുന്നില്ല. 

തലശേരി മുന്‍സിപ്പല്‍ സ്റ്റേഡിയവുമായി ബന്ധപ്പെട്ടു സി.പി.ഐ.എം കോടികളുടെ അഴിമതി നാടത്തിയെന്നാരോപിച്ച് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന നസീര്‍ രംഗത്തെത്തിയത് വന്‍ വിവാദമായിരുന്നു. സ്ഥലം എം.എല്‍.എ കൂടിയായ എ.എന്‍ ഷംസീറിനെതിരെയും ആരോപണം ഉന്നയിച്ചിരുന്നു. 

തുടര്‍ന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും നസീര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചതോടെ സി.പി.ഐ.എമ്മും നസീറും തമ്മിലുളള അകല്‍ച്ച പൂര്‍ണമായി. വോട്ടെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേ ദിവസം മെയ് 18-ന് രാത്രി എട്ടുമണിക്ക് തലശേരി കായ്യത്ത് റോഡില്‍ വെച്ചു നസീര്‍ അക്രമിക്കപ്പെട്ടു. അന്ന് തലനാരിഴക്ക് രക്ഷപെട്ടെങ്കിലും കാലിനും തലക്കും വെട്ടേറ്റ നസീര്‍ മാസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞതിന് ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയത്. സംഭവത്തിന് പിന്നില്‍ എ.എന്‍ ഷംസീറാണന്ന് നസീര്‍ ആരോപിക്കുകയും ചെയ്തിരുന്നു. 

അതേസമയം, തലശ്ശേരിയില്‍ കോണ്‍ഗ്രസ്-ബി.ജെ.പി ബന്ധത്തെക്കുറിച്ച് ആവര്‍ത്തിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഓരോ ദിവസം ചെല്ലും തോറും യു.ഡി.എഫ്-ബി.ജെ.പി ബന്ധം മറനീക്കി പുറത്തു വരികയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. 

തലശ്ശേരിയില്‍ യു.ഡി.എഫ് ജയിക്കണം എന്നാണ് ബി.ജെ.പിയുടെ ലക്ഷ്യം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജയിക്കരുതെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top