News Desk

2021-05-21 04:58:03 pm IST
ന്യൂഡല്‍ഹി: ബ്ലാക് ഫംഗസ് എന്ന ഭീഷണിക്കെതിരെ കരുതിയിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് രോഗികളെ കൂടുതലായി ബാധിക്കുന്ന ഫംഗസ് ബാധയ്ക്കെതിരെ രാജ്യം തയ്യാറെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡിനെതിരായി വാക്സിനേഷനെ ഒരു ജനകീയ പോരാട്ടമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരെക്കുറിച്ച് സംസാരിക്കവെ മോദി വികാരാധീനനായി. വാരാണസിയിലെ ആരോഗ്യ പ്രവര്‍ത്തകരെ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ അഭിസംബോധന ചെയ്യുമ്പോഴാണ് അദ്ദേഹം വിതുമ്പിയത്. വൈറസ് ബാധിച്ച് പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ടവരെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

''നമുക്ക് പ്രിയപ്പെട്ടവരെ വൈറസ് തട്ടിയെടുത്തു. കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് ആദരമര്‍പ്പിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു'' അദ്ദേഹം പറഞ്ഞു. സംസാരത്തിനിടയില്‍ വാക്കുകള്‍ ഇടറിപ്പോയ മോദി, കുറച്ചുനേരത്തെ മൗനത്തിനുശേഷം വിതുമ്പിയാണ് സംസാരം തുടര്‍ന്നത്. 

കൊവിഡ് പ്രതിസന്ധിയെ ചെറുക്കുന്നതിനുള്ള ശക്തിനേടുന്നതിന് യോഗയും ആയുഷും വലിയ സഹായം ചെയ്തെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ഇത് അലംഭാവത്തിനുള്ള സമയമല്ല. നമുക്കുമുന്നിലുള്ളത് വലിയ പോരാട്ടമാണ്. 'എവിടെ രോഗമുണ്ടോ അവിടെ ചികിത്സയുണ്ട്' എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യമെന്നും മോദി ആഹ്വാനം ചെയ്തു.

ഇപ്പോള്‍ ഏതാനും ദിവസങ്ങളായി നമുക്ക് വെല്ലുവിളിയായി ബ്ലാക്ക് ഫംഗസ് ആണുള്ളത്. അതിനെ തോല്‍പ്പിക്കുന്നതിനായി തയ്യാറെടുക്കുക എന്നത് വളരെ പ്രധാനമാണ്. കൊവിഡിന് എതിരായ പോരാട്ടത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

കൊവിഡ് പ്രതിരോധത്തിലുണ്ടായ വീഴ്ചയില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് വികാരാധീനനായി മോദി രംഗത്തെത്തിയത്. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. സ്വന്തം രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാന്‍ ശ്രമിക്കാതെ കൊവിഡ് വാക്‌സീന്‍ മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുകയാണ് ചെയ്തതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ALSO WATCH


Top