News Desk

2020-11-30 05:20:17 pm IST
ദുബൈ: ബീച്ചില്‍ കുളിക്കാനിറങ്ങവേ മുങ്ങി മരിച്ച മലയാളികളായ പിതാവിന്റെയും മകളുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടു പോയി. കോഴിക്കോട് ബാലുശേരി ഇയ്യാട് താഴേചന്തം കണ്ടിയില്‍ ഇസ്മായില്‍ (47), മകള്‍ അമല്‍ ഇസ്മായില്‍ (18) എന്നിവരുടെ മൃതദേഹങ്ങളാണ് സ്വദേശത്തേക്ക് കൊണ്ടുപോയത്. 

ഷാര്‍ജ-അജ്മാന്‍ അതിര്‍ത്തിയിലെ പുതുതായി തുറന്ന അല്‍ഹീറ ബീച്ചില്‍ കുളിക്കാനിറങ്ങവേയാണ് ഇസ്മായിലും മകള്‍ അമലും അപകടത്തില്‍പ്പെട്ടത്. ഒഴുക്കില്‍പ്പെട്ട മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇസ്മായിലും അപകടത്തില്‍പ്പെടുകയായിരുന്നു. 

അപ്രതീക്ഷിതമായി കടലിലുണ്ടായ വേലിയേറ്റമാണ് ദുരന്തത്തിന് കാരണമായതെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. 14 വര്‍ഷമായി ദുബൈയില്‍ താമസിക്കുന്ന ഇസ്മായില്‍ ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി(ആര്‍.ടി.എ)യില്‍ ട്രാന്‍സ്‌പോര്‍ട് സിസ്റ്റം കണ്‍ട്രോളറായി ജോലി ചെയ്യുകയായിരുന്നു.

അതേസമയം, മഹാമാരിക്കാലത്ത് മലയാളി പ്രവാസി സമൂഹത്തെ ഒന്നാകെ വേദനയിലാഴ്ത്തിയിരിക്കുകയാണ് ഇസ്മായിലിന്റെയും മകളുടെയും അപ്രതീക്ഷിത മരണം.

എംബാമിങ് സെന്ററില്‍ മരിച്ചവരുടെ മുഖം ഒരു നോക്കു കാണാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ഇസ്മായിലിന്റെ സഹപ്രവര്‍ത്തകരുമടക്കം ഒട്ടേറെ പേരെത്തിയിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH




Top