News Desk

2021-10-15 04:53:18 pm IST
ന്യൂഡല്‍ഹി: സിംഗുവിലെ കര്‍ഷക സമര സ്ഥലത്ത് യുവാവിനെ കൊന്ന് കെട്ടിത്തൂക്കി. പൊലീസ് ബാരിക്കേഡിലാണ് കൈ വെട്ടിമാറ്റി മൃതദേഹം തൂക്കിയിട്ടത്. സിക്ക് മതഗ്രന്ഥത്തെ അവഹേളിച്ചതിന്റെ പേരില്‍ കൊന്ന് കെട്ടിതൂക്കിയതാണെന്നാണ് സംശയമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗുരു ഗ്രന്ഥ് സാഹിബിനെ അവഹേളിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുവാവിനെ തല്ലിക്കൊന്നശേഷം പൊലീസ് ബാരിക്കേഡില്‍ മൃതദേഹം കെട്ടിത്തൂക്കിയെന്നാണ് നിഗമനം. ഇതിനുശേഷമാണ് കൈ വെട്ടിമാറ്റിയതെന്നും കരുതുന്നു. 

വിവരമറിഞ്ഞ് സോണിപത് പൊലീസ് സ്ഥലത്തെത്തി. യുവാവിന്റെ മൃതദേഹം സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന് പിന്നില്‍ കര്‍ഷകരാണെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ പങ്കില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു.

അതേസമയം, യുവാവിനെ കൊന്ന് കെട്ടിതൂക്കിയ സംഭവത്തില്‍ സംയുക്ത കിസാന്‍ മോര്‍ച്ച അന്വേഷണം ആവശ്യപ്പെട്ടു. കൊലപാതകത്തില്‍ കര്‍ഷക സംഘടനകള്‍ക്ക് പങ്കില്ല. ഏതന്വേഷണവുമായും കര്‍ഷകര്‍ സഹകരിക്കുമെന്നും കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു. നിഹാങ്കുകള്‍ക്ക് സമരവുമായി ബന്ധമില്ലെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. 

കൊലയാളികളെ തിരിച്ചറിഞ്ഞതായും വേഗത്തില്‍ അറസ്റ്റുണ്ടാകുമെന്നും ഹരിയാന പൊലീസ് അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും പൊലീസ് അറിയിച്ചു.  


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top