News Desk

2021-06-08 04:37:20 pm IST

ബെംഗളുരു: വിവാഹത്തിന് പണം കണ്ടെത്താനായി 10 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ബെംഗളുരുവിലെ ഹെബ്ബഗോഡിയിലാണ് സംഭവം. ടി.വി മെക്കാനിക്കും കൂട്ടാളികളും ചേര്‍ന്നാണ് കൃത്യം നടത്തിയത്. 

രണ്ട് കൂട്ടാളികളെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും മുഖ്യ പ്രതിയായ ടി.വി മെക്കാനിക്ക് മുഹമ്മദ് ജാവേദ് ഷെയ്ഖിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

മുഹമ്മദ് ആസിഫ് ആലം എന്ന 10 വയസുകാരനാണ് കൊല ചെയ്യപ്പെട്ടത്. വൈകീട്ട് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ജാവേദ് ഷെയ്ഖ് കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ പിതാവിനെ വിളിച്ച് പ്രതി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു.

കുട്ടിയുടെ പിതാവായ അബ്ബാസ് ഉടന്‍തന്നെ പൊലീസ് സ്റ്റേഷനില്‍ എത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ഫോണ്‍കോള്‍ വന്നത് ഛത്തീസ്ഗഡിലെ റായ്പുരില്‍ നിന്നാണെന്ന് മനസ്സിലായ പൊലീസ് അവിടെയെത്തി രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. ജാദേവ് ഷെയ്ഖിന്റെ അകന്ന ബന്ധത്തിലുള്ളവരായിരുന്നു ഇവര്‍.

അറസ്റ്റിനക്കുറിച്ച് അറിഞ്ഞതോടെ പിടിക്കപ്പെടുമെന്ന് കരുതി കുട്ടിയെ പ്രതി കൊന്നുകളഞ്ഞതാകാമെന്ന് പൊലീസ് പറയുന്നു. കുട്ടി താമസിച്ചിരുന്ന അതേ ബില്‍ഡിങ്ങില്‍ തന്നെയാണ് പ്രതിയും തമസിച്ചിരുന്നത്. കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ക്കൊപ്പം ഇയാളും അന്വേഷണത്തില്‍ പങ്കുചേര്‍ന്നിരുന്നു.

അന്വേഷണത്തില്‍ കാമുകിയുമായുള്ള ഷെയ്ഖിന്റെ വിവാഹം നിശ്ചയിച്ചതായി തെളിഞ്ഞിട്ടുണ്ട്. വിവാഹത്തിനുശേഷം മുംബൈയില്‍ താമസിക്കാനായിരുന്നു ഇരുവരുടേയും പദ്ധതി. ഇതിനുവേണ്ടി എളുപ്പത്തില്‍ പണം ഉണ്ടാക്കാനായാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top