News Desk

2021-03-31 04:47:42 pm IST


ബ്രസീലിയ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് 19 പ്രതിരോധ വാക്‌സിനായ കൊവാക്‌സിനെ തള്ളി ബ്രസീല്‍. ഭാരത് ബയോടെക് നിര്‍മിച്ച കൊവാക്‌സിന് കയറ്റുമതിയ്ക്കുള്ള നിലവാരമില്ലെന്നാണ് ബ്രസീലിലെ വാക്‌സിന്‍ റെഗുലേറ്ററി അതോറിറ്റി അറിയിച്ചത്. 

ഇന്ത്യയില്‍ നിന്ന് രണ്ടു കോടി ഡോസ് കൊവാക്‌സിന്‍ വാങ്ങാന്‍ ബ്രസീല്‍ സര്‍ക്കാര്‍ കരാറൊപ്പിട്ടിരുന്നു. മാര്‍ച്ച് എട്ടിനായിരുന്നു ബ്രസീലില്‍ കൊവാക്‌സിന്റെ അടിന്തര ഉപയോഗത്തിനായി നിര്‍മാതാക്കള്‍ സര്‍ക്കാര്‍ അനുമതി തേടിയത്.

അതേസമയം, അനുമതി നിഷേധിച്ച നടപടിയ്‌ക്കെതിരെ അപ്പീല്‍ പോകുമെന്ന് ഭാരത് ബയോടെക്കും ബ്രസീലിയന്‍ കമ്പനി പ്രസിക്ക മെഡിക്കമെന്റോസും പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ കൊവാക്‌സിന് അനുമതി നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

വൈറസ് ബാധ രൂക്ഷമായ ബ്രസീലിലാണ് ലോകത്തുണ്ടാകുന്ന കൊവിഡ് മരണങ്ങളുടെ നാലിലൊന്നും സംഭവിക്കുന്നത്. എന്നാല്‍ വാക്‌സിന്‍ ക്ഷാമം മൂലം രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ ശ്രമങ്ങള്‍ക്കും വേഗതയാര്‍ജിക്കാന്‍ കഴിഞ്ഞിട്ടില്ല.

കൊവിഡ് 19 ആരംഭഘട്ടത്തില്‍ രോഗത്തിന്റെ തീവ്രത കുറച്ചു കണ്ട ബ്രസീല്‍ പ്രസിഡന്റിന്റെ നടപടികള്‍ വലിയ വിവാദത്തില്‍ കലാശിച്ചിരുന്നു. സാമൂഹിക അകലം ഉറപ്പാക്കി രോഗവ്യാപനം കുറയ്ക്കാനോ ആവശ്യമായ വാക്‌സിന്‍ സംഭരിക്കാനോ സര്‍ക്കാര്‍ മുന്‍കൈയെടുത്തില്ലെന്നും ആരോപണമുണ്ട്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top